ഇന്ത്യക്കാരോട് നിരുപാധിക മാപ്പപേക്ഷയുമായി നിഴല്‍ അറ്റോര്‍ണി ജനറല്‍ ജൂലിയന്‍ ലീസര്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ അതിവേഗം മുന്നേറുന്ന ജനതയായ ഇന്ത്യന്‍ വംശജരുടെ മനസില്‍ ജസീന്ത നാമജിന്‍പ പ്രൈസിന്റെ വിവാദ പ്രസ്താവന സൃഷ്ടിച്ച കല്ലുകടി ഇല്ലായ്മ ചെയ്യാനുള്ള തീവ്രയത്‌ന പരിപാടി ലിബറല്‍ പാര്‍ട്ടി തുടരുന്നു. ഇത് ഇന്ത്യക്കാരുടെ കടുത്ത എതിര്‍പ്പ് അനാവശ്യമായി വിളിച്ചുവരുത്തുന്നതിനൊപ്പം ലിബറല്‍ പാര്‍ട്ടിയില്‍ തന്നെ കടുത്ത ചേരിതിരിവിനും ഇടയാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. നിഴല്‍ മന്ത്രിസഭയില്‍ അറ്റോര്‍ണി ജനറലിന്റെ ചുമതല വഹിക്കുന്ന ജൂലിയന്‍ ലീസര്‍ ഇന്നലെ രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തോട് നിരുപാധികവും പരിധികളില്ലാത്തതുമായ ക്ഷമാപണവുമായി രംഗത്തു വന്നത് ഈ വിവാദം ഏത് അളവു വരെ അവരുടെ പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നിരിക്കുന്നു എന്നതിന്റെ തെളിവു കൂടിയായി.
ഇതു സംബന്ധിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റു പുറത്തുവിട്ടതിനൊപ്പം ലീസര്‍ ചേര്‍ത്തിരിക്കുന്നത് വടക്കു പടിഞ്ഞാറന്‍ സിഡ്‌നിയില്‍ വെസ്റ്റലീയിലെ ഹിന്ദി സ്‌കൂളില്‍ അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിന്റെ വീഡിയോയാണ്. ഈ യോഗത്തില്‍ തന്നെയാണ് ലീസര്‍ നിരുപധികവും പരിമിതികളില്ലാത്തതുമായ മാപ്പിന് താന്‍ അപേക്ഷിക്കുന്നുവെന്നു പറയുന്നതും. അസാധാരണ സിദ്ധികളുള്ള ജനതയാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജരെന്ന അഭിനന്ദനവും അദ്ദേഹം നല്‍കുന്നുണ്ട്.ആരുടെയെങ്കിലും രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ ഈ ജനത അര്‍ഹിക്കുന്ന ആദരവ് അവര്‍ക്കു കൊടുക്കുന്നതിനു വിഘാതമായിക്കൂടെന്നു ജസീന്ത പ്രൈസിനെ ഉദ്ദേശിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ നിയോജക മണ്ഡലമായ ബെറോവയില്‍ മാത്രം ഇന്ത്യന്‍ വംശജരായ 8300 കുടുംബങ്ങളാണുള്ളത്. അവരുടെ എണ്ണം ഇതിലധികമായി ഉയരട്ടെയെന്നു മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന സ്വപ്‌നവും അദ്ദേഹം പങ്കുവച്ചു.