നേപ്പാള്‍-അടിയന്തര മാര്‍ഗ നിര്‍ദേശങ്ങളുമായി ഗവണ്‍മെന്റ്, ഹെല്‍പ്പ് ലൈന്‍ തുറന്നു

സിഡ്‌നി: നേപ്പാളിലുള്ള ഓസ്‌ട്രേലിയക്കാര്‍ക്കും നേപ്പാളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്കുമായി അടിയന്തര മുന്നറിയിപ്പ് ഫെഡറല്‍ ഗവണ്‍മെന്റ് പുറത്തിറക്കി. നേപ്പാളില്‍ രാഷ്ട്രീയ അനിശ്ചിതത്വവും കലാപവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്.
സെനറ്റര്‍ പെന്നി വോങ് എക്‌സ് മുഖേനയാണ് മുന്നറിയിപ്പ് പുറത്തിറക്കിയത്. നിലവില്‍ നേപ്പാളിലുള്ള ഓസ്‌ട്രേലിയക്കാര്‍ അതതു പ്രദേശത്ത് ലഭ്യമായിരിക്കുന്ന അധികാരികളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതമായ സ്ഥാനങ്ങളില്‍ തന്നെ തുടരേണ്ടതാണ്. കോണ്‍സുലേറ്റില്‍ നിന്ന് എന്തെങ്കിലും സഹായമോ ഇടപെടലോ ആവശ്യമായി വരുന്നവര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിഭാഗം എമര്‍ജന്‍സി സെന്ററില്‍ ക്രമീകരിച്ചിട്ടുണ്ട്. പെന്നിവോങ്ങിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഇതിനായി +612626213305 എന്ന നമ്പര്‍ വിദേശത്തുള്ളവരും 1300555135 എന്ന നമ്പര്‍ ഓസ്‌ട്രേലിയയ്ക്കകത്തു നിന്നുള്ളവര്‍ക്കും 24 മണിക്കൂറും ഉപയോഗിക്കാവുന്നതാണെന്നും നിര്‍ദേശങ്ങളിലുണ്ട്.
നേപ്പാളിലേക്കുള്ള എല്ലാ യാത്രകളും മാറ്റിവയ്ക്കാനാണ് സ്മാര്‍ട്ട് ട്രാവലര്‍ വെബ്‌സൈറ്റ് പറയുന്നത്. നിലവില്‍ നേപ്പാളിലുള്ളവര്‍ അപായകരമായ സാഹചര്യങ്ങളില്‍ നിന്ന് ഒഴിവായി നില്‍ക്കാനാണ് പ്രാഥമികമായി ശ്രദ്ധിക്കേണ്ടതെന്നും സ്മാര്‍ട്ട് ട്രാവലര്‍ പറയുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പുതിയതായി വിലക്ക് ഇനിയും നിലവില്‍ വന്നാല്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. നിലവില്‍ നേപ്പാള്‍ താഴ്വരയിലാകെയും മറ്റു പ്രധാന നഗരങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനാല്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുകയാണ് വേണ്ടത്. ആവുന്നത്ര കുറച്ചു മാത്രം താമസസ്ഥലത്തിനു പുറത്തിറങ്ങുക എന്നതാണ് ശ്രദ്ധയാവശ്യമായ മറ്റൊരു കാര്യമെന്നും സ്മാര്‍ട്ട ട്രാവലര്‍ പറയുന്നു.