രാതിയില്‍ കുഞ്ഞ് കരയുന്ന പ്രശ്‌നം എളുപ്പവഴിയില്‍ പരിഹരിക്കാന്‍ ഒരു അമ്മ ചെയ്തത്

ലക്‌നൗ: രാത്രിയില്‍ ഒരു കുഞ്ഞ് നിര്‍ത്താതെ കരഞ്ഞാല്‍ സാധാരണയായി ആള്‍ക്കാര്‍ എന്താണു ചെയ്യുക. അതിന് എന്താണോ ആവശ്യമെന്ന് ഊഹിച്ച് വേണ്ടതു ചെയ്ത് കരച്ചില്‍ ശമിപ്പിക്കും. എന്നാല്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഒരു അമ്മയ്ക്കു കുഞ്ഞിന്റെ കരച്ചില്‍ രാത്രിയില്‍ ഉറക്കത്തിനു തടസമായപ്പോള്‍ ചെയ്തത് അതിന്റെ ഉഷ്ണം ശമിക്കാനായി കൊണ്ടുപോയി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ്. എന്തൊരു കരുതല്‍ അല്ലേ. ഓര്‍ക്കണം, കുഞ്ഞ് ജനിച്ചിട്ട് പതിനഞ്ചു ദിവസം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. അമ്മയ്ക്കാകട്ടെ ഇരുപത്തിമൂന്നു വയസും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നതെങ്കിലും അതിന്റെ വിവരം പുറത്തു വരുന്നത് ഇപ്പോഴാണ്.
കുഞ്ഞിന്റെ അമ്മൂമ്മയ്ക്ക് എന്തോ സംശയം തോന്നി എഴുന്നേറ്റു വന്നു നോക്കുമ്പോഴുണ്ട് ഫ്രിഡിജിനുള്ളില്‍ നിന്നു കുഞ്ഞിന്റെ ഞരക്കം കേള്‍ക്കുന്നു. ഉടന്‍ തന്നെ ഫ്രിഡ്ജ് തുറന്നു. കുഞ്ഞ് അവശനിലയിലായതേയുള്ളൂ, ജീവനുണ്ട്. ഉടന്‍ അതിനെയും പുറത്തെടുത്ത് ആശുപത്രിയിലേക്കു പാഞ്ഞു. അവിടെ കുഞ്ഞിനു ചൂട് നല്‍കി ജീവിതത്തിലേക്കു തിരിച്ചെത്തിച്ചിരിക്കുകയാണിപ്പോള്‍. കന്നിപ്രസവമായിരുന്ന യുവതിക്ക് അതു കഴിഞ്ഞതു മുതല്‍ മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതാണ് വീട്ടുകാര്‍ക്കു രാത്രിയില്‍ സംശയം തോന്നാന്‍ കാരണമായത്. കുഞ്ഞു കരയുന്നതു പെട്ടെന്നു നിലച്ചപ്പോള്‍ അമ്മൂമ്മയ്ക്ക് എന്തോ പന്തികേടു മണക്കുകയായിരുന്നു.
കുഞ്ഞിന്റെ ജീവന്‍ രക്ഷപെട്ടു കഴിഞ്ഞപ്പോള്‍ മുതല്‍ വീട്ടുകാര്‍ വിശ്വസിക്കുന്നത് .യുവതിക്കു ബാധയേറ്റതാണെന്നാണ്. അതിനു പരിഹാരമായി പല തരത്തിലുള്ള വഴിപാടുകളും ഉച്ചാടനങ്ങളും നടത്തുന്ന തിരിക്കിലായിരുന്നു അവര്‍. ഇത്രയും ദിവസത്തെ ഉച്ചാടന പരിപാടികളൊന്നും ഫലിക്കാതെ വന്നതോടെയാണ് ഇന്നലെ യുവതിയെ മനോരോവിദഗ്ധന്റെയടുത്ത് എത്തിക്കുന്നത്. യുവതിക്ക് ബാധയേറ്റതല്ല, പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് എന്ന മാനസികാവസ്ഥയാണെന്നു ബന്ധുക്കളെ വിശ്വസിപ്പിക്കാന്‍ ഡോക്ടര്‍ കുറേ ക്ലേശിക്കേണ്ടി വന്നുവെന്നു മാത്രം. അമ്മയ്ക്കി ചികിത്സ ആരംഭിച്ചിരിക്കുകയാണ്. വാര്‍ത്ത പുറത്തെത്തുന്നതും ഡോക്ടറില്‍ നിന്നാണ്. യുവതിയുടെ പേരു മാത്രം പുറത്തു വിട്ടിട്ടില്ല.