ഓരോ കാഞ്ഞബുദ്ധിക്ക് വരുന്ന് ഗതികേട് നോക്കണേ, മാങ്കൂട്ടത്തിലിന് ഹാപ്പിയാകാം

തിരുവനന്തപുരം: കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ക്രൈംബ്രാഞ്ചിന്റെ പണി ഇരട്ടിയാകുന്ന ലക്ഷണമുണ്ട്. വെറുമൊരു പഞ്ചാരക്കേസായി നാട്ടുകാരുടെ ആയുഷ്‌കാല പരിഹാസത്തിലേക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെ എറിഞ്ഞു കൊടുക്കാന്‍ പറ്റുമായിരുന്നൊരു കാര്യം കേസെടുത്ത്, കാടിളക്കി അന്വേഷണം നടത്തി ഇവിടെ വരെയെത്തിച്ചു. ഇനി കേസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതില്‍ കൈയും കാലുമിട്ട് അടിക്കേണ്ട അവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്തു. ഇനി വരാന്‍ പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ വന്നത് ഇത്രമാത്രമേയുള്ളല്ലോ എന്ന് അശ്വസിക്കുകയും ചെയ്യാം.
കേസുമായി മുന്നോട്ടു പോകണമെങ്കില്‍ അതിന് വാദിഭാഗത്ത് ആരെങ്കിലും വേണമല്ലോ. പ്രതിഭാഗം നേരത്തെ രാഹുലിന് റിസര്‍വ് ചെയ്തു പോയി. വാദിയെ കിട്ടാനുണ്ടോ വാദി എന്നു ചോദിച്ചു നടപ്പാണിപ്പോള്‍. പറയപ്പെടുന്ന ഗര്‍ഭച്ഛിദ്ര ശബ്ദരേഖയിലെ യുവതിയുടെ പിന്നാലെ നടന്നിട്ടും അവര്‍ കേസിനു താല്‍പര്യമേയില്ല എന്നു തീര്‍ത്തു പറഞ്ഞുവെന്നാണ് അറിവ്. ഗര്‍ഭവും ഗര്‍ഭച്ഛിദ്രവുമൊക്കെ വാസ്തവമാണോയെന്നു പോലും കണ്ടെത്താനായിട്ടില്ലെന്നു പറയുന്നവരുമുണ്ട്. ആദ്യം വെടിക്കെട്ടിനു തിരികൊളുത്തിയ യുവനടിയാണെങ്കില്‍ ഇപ്പോഴെത്തിയതില്‍ നിന്ന് ഒരു ഇഞ്ച് പോലും മുന്നോട്ടില്ലെന്നു പറഞ്ഞുകഴിഞ്ഞു. കാര്യം ഇന്നും സാമൂഹ്യമാധ്യമത്തില്‍ ഇതു സംബന്ധിച്ച് പോസ്റ്റിട്ടുവെങ്കിലും പോസ്റ്റുന്നതിനപ്പുറം കോടതിയിലേക്ക് അവരുമില്ല. സ്വന്തം ദുരനുഭവം എന്ന രീതിയില്‍ ആരും വാദിഭാഗത്ത് വരുന്നില്ലെങ്കില്‍ എന്താണ് പറ്റുക, പോലീസിനു സ്വമേധയാ എടുക്കാവുന്ന കേസുകളുടെ ഗണത്തിലേക്ക് ഇതും മാറും. അതായത് കലുങ്കിലിരുന്ന് ചൂളം വിളിക്കുക, കമന്റടിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് എടുക്കാവുന്ന ശല്യം ചെയ്യല്‍ എന്ന കേസ്. അയ്യേ, ഇതിനായിരുന്നോ ഈ കാടിളക്കലെല്ലാം എന്നാവും അപ്പോള്‍ കേള്‍ക്കേണ്ടിവരുന്ന പഴി. ഇനി ഇങ്ങനെയൊരു കേസ് പോലും കോടതി വരാന്തയിലെങ്കിലും നില്‍ക്കാന്‍ യോഗ്യതയുള്ളതുമല്ല.
ഇരകളെ വാദിയായി കിട്ടിയില്ലെങ്കില്‍ കേട്ടുകേള്‍വികളുടെ പേരില്‍ പരാതി പറഞ്ഞവരെ വാദിയാക്കിയാല്‍ അതും കോടതിയില്‍ വിലപ്പോവില്ല. ഇതുകൊണ്ട് ഗവണ്‍മെന്റിന് മറ്റൊരു ദോഷവുമുണ്ട്. കേസ് ചാര്‍ജ് ചെയ്തുപോയി, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പോയി. ഇനി കോടതിയില്‍ പോകാതെ പറ്റില്ല. അങ്ങനെ പോയാല്‍ പുഷ്പം പോലെ രാഹുല്‍ ഊരിപ്പോരും. അതു രാഹുലിനു തന്നെയാണ് മെച്ചം ചെയ്യുക. അഗ്നിശുദ്ധി വരുത്തി അവസ്ഥയില്‍ പൊതുമണ്ഡലത്തില്‍ തിരിച്ചിറങ്ങാന്‍ അവസരം ലഭിക്കും.
പിണറായിയുടെ പോലീസിന് ഇപ്പോള്‍ ക്രൈംബ്രാഞ്ച് കേസെന്ന കാഞ്ഞ ബുദ്ധി ഉപദേശിച്ചുകൊടുത്ത് ഞെളിഞ്ഞിരിക്കുന്നവര്‍ അപ്പോള്‍ ചോദിക്കേണ്ടി വരും എങ്ങനെയുണ്ട് ഓന്റെ ബുദ്ധിയെന്ന്. രാഹുലിന് ഇനി സന്തോഷിക്കാം. കളം അനുകൂലമായി തിരിയുകയാണ്. ആശങ്കയുടെ നാളുകള്‍ തീരുകയേയുള്ളൂ.