ബഹുമാനമില്ലാത്ത പരിപാടി വേണ്ട, മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇനി ബഹു നിര്‍ബന്ധം

തിരുവനന്തപുരം: മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കുമൊക്കെ ഇത്തിരി ബഹുവിന്റെ കുറവുണ്ടെന്ന് ഇനിയാരും പറയില്ല, കാരണം പുതിയ സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസ് മുഖേന നടത്തുന്ന എല്ലാ കത്തിടപാടുകളിലും മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ കാര്യം പരാമര്‍ശിക്കുന്നിടത്ത് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്നു തന്നെ ഉപയോഗിക്കണമെന്ന്.
പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുന്ന പരാതികളിലും നിവേദനങ്ങളിലും മറുപടി നല്‍കുന്നതു സംബന്ധിച്ചാണ് പൊതു ഭരണ വകുപ്പ് ഈ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നതെങ്കിലും ഇതിന്റെ സൂചന വളരെ വ്യക്തം. ഏതു തരത്തിലുള്ള കത്തിടപാടാണെങ്കിലും പുട്ടിനു പീരയിടുന്നതു പോലെ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കുമെല്ലാം ബഹു വാരിവിതറിക്കൊള്ളണം. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ സംബന്ധിച്ച കത്തിടപാടുകളിലും ക്ഷണപ്പത്രങ്ങളിലുമൊക്കെ ബഹു നിലവില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അല്ലാത്ത സന്ദര്‍ഭങ്ങളിലും ഫയലുകളിലും മറ്റും വഴിയിലെവിടെയെങ്കിലുമൊക്കെയായി ബഹു പൊഴിഞ്ഞു പോകാറുമുണ്ടായിരുന്നു. ഇതിനൊക്കെയാണ് ഇനി അവസാനമുണ്ടാകാന്‍ പോകുന്നത്.