കൊച്ചി: തീയറ്ററുകളില്‍ കൊടുങ്കാറ്റ് ഇളക്കിവിട്ട കാന്താര എന്ന കന്നട ചിത്രത്തിന്റെ രണ്ടാം ഭാഗം ഒക്ടോബര്‍ രണ്ടിന് പാന്‍ ഇന്ത്യന്‍ റിലീസിന് തയാറെടുക്കുകയാണെങ്കിലും കേരളത്തിലെ തീയറ്ററുകളില്‍ ഈ പടം എത്തുമോ, അഥവാ എത്തിയാല്‍ എന്ന് എത്തും എന്നിത്യാദി കാര്യങ്ങള്‍ തികഞ്ഞ അനിശ്ചിതത്വത്തിലായി. തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് ഇതിനെതിരേ കര്‍ശന നിലപാട് എടുത്തതോടെയാണ് ഈ പ്രതിസന്ധി. സിനിമയുടെ ആദ്യ രണ്ടു ദിവസത്തെ പ്രദര്‍ശനത്തില്‍ ആകെ ലഭിക്കുന്ന വരുമാനത്തിന്റെ 55 ശതമാനം വേണമെന്ന കടുംപിടുത്തം വിതരണക്കാര്‍ സ്വീകരിച്ചതോടെയാണ് തീയറ്ററുകളുടെ മറുവാശി. ഈ നിലപാടില്‍ തന്നെ രണ്ടു കൂട്ടരും തുടര്‍ന്നാല്‍ കാന്താര 2 കേരളത്തില്‍ മാത്രം റീലീസ് ചെയ്യപ്പെടില്ല. ഇതു കാണാന്‍ പ്രേക്ഷകര്‍ ഒന്നുകില്‍ അടുത്ത സംസ്ഥാനത്തു പോകണം, അല്ലെങ്കില്‍ ഒടിടി റീലീസ് വരെ നോക്കിയിരിക്കണം.
ഒക്ടോബര്‍ രണ്ടിന് കന്നഡയ്ക്കു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ബംഗാളി ഭാഷകളില്‍ കാന്താര 2 പ്രേക്ഷകരിലേക്ക് എത്താന്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. കാന്താരയുടെ ആദ്യഭാഗത്തിന്റെയും കേരളത്തിലെ റിലീസിങ് ഏജന്‍സി ഇവര്‍ തന്നെയായിരുന്നു. അതിശയകരമായ പ്രദര്‍ശനവിജയമാണ് ഒന്നാം ഭാഗം കൈവരിച്ചത്. അതോടെയാണ് ഇതിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകള്‍ പുറത്തിറങ്ങുന്നതു തന്നെ. അവയൊക്കെയും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് കാന്താര 2 നായി ഇന്ത്യ മുഴുവന്‍ കാത്തിരിക്കുന്നത്.
കാന്താര2 കാണാന്‍ മലയാളികള്‍ കര്‍ണാടകത്തിലോ തമിഴ്‌നാട്ടിലോ പേകേണ്ടി വരും
