അനാശാസ്യ കേന്ദ്രത്തില്‍ സുഖം തേടി പോകുന്നവര്‍ ഉപഭോക്താവല്ല, പ്രേരണക്കുറ്റവാളി

കൊച്ചി: വിളിപ്പെണ്ണുങ്ങളുടെ അടുത്തെത്തി പണം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരെ ഒരിക്കലും ഉപഭോക്താവ് അഥവാ കസ്റ്റമര്‍ ആയി കണക്കാക്കാനാകില്ലെന്ന സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി. ഇക്കൂട്ടരുടെ പേരില്‍ വ്യഭിചാരത്തിന്റെ പ്രേരണാകുറ്റം നിലനില്‍ക്കുമെന്നു കോടതി വ്യക്തമാക്കി. ഒരാളെ ഉപഭോക്താവായി കണക്കാക്കണമെങ്കില്‍ അയാള്‍ മറ്റൊരാളുടെ പക്കല്‍ നിന്ന് എന്തെങ്കിലും സാധനമോ സേവനമോ വിലകൊടുത്തു വാങ്ങിയിരിക്കണമെന്നു കോടതി തീര്‍പ്പുകല്‍പിച്ചു.
തിരുവന്തപുരം പേരൂര്‍ക്കട പോലീസ് 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയായി ഉള്‍പ്പെടുത്തിയിരുന്നയാളാണ് കേസ് അപ്പാടെ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. താന്‍ പണം നല്‍കി ലൈംഗികത വിലയ്ക്കു വാങ്ങിയ ഉപഭോക്താവ് ആണെന്ന വാദത്തിന്റെ മുനയാണ് സുപ്രധാനമായ വിധിയിലൂടെ ഹൈക്കോടതി ഒടിച്ചത്. സെക്‌സ് വര്‍ക്കര്‍ ഒരിക്കലും ഒരു വസ്തുവല്ല. അവര്‍ പലപ്പോഴും മനുഷ്യക്കടത്തിന്റെ ഇരകളോ മറ്റുള്ളവരുടെ ശാരീരിക സുഖത്തിനായി സ്വന്തം ശരീരം വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതാവസ്ഥയിലായവരോ ആണ്. സുഖം തേടി ഇവരുടെ പക്കലെത്തുന്നവര്‍ നല്‍കുന്ന പണത്തില്‍ ഏറിയ ഭാഗവും പോകുന്നത് അനാശാസ്യ കേന്ദ്രം നടത്തുന്നവരിലേക്കാണ്. എന്നാല്‍ പണം വാങ്ങുന്ന ഇവരല്ല സുഖം നല്‍കുന്നത്. അതിനാല്‍ അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനായി പണം നല്‍കുന്നയാളെ അനാശാസ്യപ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പ് 5(1) ഡി പ്രകാരമുള്ള പ്രേരണക്കുറ്റത്തിനു പ്രോസിക്യൂട്ട് ചെയ്യാവുന്നതാണെന്നു കോടതി വ്യക്തമാക്കി.