നെതന്യാഹുവിനെ തള്ളിപ്പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്, അടവുനയങ്ങള്‍ ഇനിയെത്ര

വാഷിങ്ടണ്‍: തരംപോലെ ഓരോന്നു പറയുന്നതില്‍ സാമര്‍ഥ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തറിലെ ആക്രമണത്തിന്റെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. ഖത്തറില്‍ ആക്രമണം നടത്താനുള്ള തീരുമാനത്തില്‍ തനിക്കൊരു കൈയുമില്ല, പകരം എല്ലാം നെതന്യാഹു ഒപ്പിച്ച പണിയാണെന്നുമാണ് ട്രംപ് തന്റെ സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇതേ ട്രംപിന്റെ കൂടി കച്ചവടതാല്‍പര്യമായ ടൂറിസം പദ്ധതിക്കു കൂടി വേണ്ടിയാണ് ഗാസ ഒഴിപ്പിക്കാന്‍ നെതന്യാഹു പരിശ്രമിക്കുന്നത് എന്നതു മറ്റൊരു കാര്യം. ഡൊണാള്‍ഡ് ട്രംപിന്റെ അറിവോടെയാണ് നെതന്യാഹു ഖത്തറില്‍ വ്യോമാക്രമണം നടത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നതാണ്.
യഥാര്‍ഥത്തില്‍ നെതന്യാഹുവിനു വേണ്ടത് ഹമാസിനെയാണ്. ബാക്കി കച്ചവടക്കണ്ണു മുഴുവന്‍ ട്രംപിന്റെയാണ്. ഹമാസ് എവിടെയൊക്കെ അവിടെയൊക്കെ ആയുധവുമായി എത്തുക എന്നതു മാത്രമാണ് ഇസ്രയേല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു പരസ്പര സഹായ പദ്ധതി പുരോഗമിക്കുമ്പോഴാണ് ‘ഈ അക്രമണം നടത്താനുള്ള തീരുമാനം നെതന്യാഹുവിന്റെയാണ്, എന്റേതല്ല’ എന്നു ട്രംപി ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരിക്കുന്നത്.
ഖത്തറിന്റെ തലസ്ഥാനമാണ് ദോഹ. അവിടെത്തന്നെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നതും. അന്താരാഷ്ട്ര മര്യാദകള്‍ വച്ച് ഒരിക്കലും നീതീകരിക്കാനാവാത്ത ഈ പ്രവൃത്തിയുടെ ഉത്തരവാദിത്വം മുഴുവന്‍ ആക്രമണത്തിനു തൊട്ടുപിന്നാലെ തന്നെ നെതന്യാഹു ഏറ്റെടുത്തിരുന്നതുമാണ്. എന്നാല്‍ ഹമാസിന്റെ ഉന്നതതല രഹസ്യയോഗം നടക്കുന്ന സ്ഥലമാണ് ആക്രമിക്കപ്പെട്ടത് എന്ന ഒരൊറ്റ ന്യായീകരണം മാത്രം മതി നെതന്യാഹുവിന് എന്നതാണ് വാസ്തവം. ഈ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടുവെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കൂടെ നെതന്യാഹു പ്രധാനമായും ലക്ഷ്യം വച്ച ഖാലില്‍ ഹയ്യ അടങ്ങിയിട്ടുണ്ടോയെന്നു വരും ദിനങ്ങളില്‍ മാത്രമേ വ്യക്തമാകുകയുമുള്ളൂ.
വടക്കന്‍ ജറുസലേമിലെ കഴിഞ്ഞ ദിവസത്തെ വെടിവയ്പിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തതിനു തൊട്ടു പിന്നാലെയാണ് ഓപ്പറേഷന്‍ സമ്മിറ്റ് ഓഫ് ഫയര്‍ എന്നു പേരിട്ട തിരിച്ചടി നെതന്യാഹു നല്‍കിയിരിക്കുന്നത്.