അബുദാബി: പതിനേഴു ലക്ഷം ദിര്‍ഹത്തിന്റെ റെക്കോഡ് കച്ചവടവുമായി അബുദാബി ഇന്റര്‍നാഷണല്‍ ഹണ്ടിങ് ആന്‍ഡ് ഇക്വിസ്ട്രിയന്‍ (അഡിഹെക്സ്) എക്സിബിഷനു സമാപനം. ആറു ലേലങ്ങളിലായി മൊത്തം 41 പരുന്തുകളാണ് വിറ്റുപോയത്. ഇവയുടെ ലേലത്തുക മാത്രമാണ് പതിനേഴു ലക്ഷം ദിര്‍ഹം. കഴിഞ്ഞവര്‍ഷത്തെ എക്സിബിഷന്റെ വന്‍വിജയത്തെ തുടര്‍ന്നാണ് ഇക്കൊല്ലവും പൈതൃക പരിപാടിയെന്ന നിലയില്‍ പരുന്തുകളുടെ എക്സിബിഷനും വില്പനയും നടത്തിയത്. എണ്ണം പറഞ്ഞ പരുന്തുകളുടെ ഉടമകള്‍ അവയെ പ്രദര്‍ശനത്തിനും എത്തിച്ചിരുന്നു. ഇതോടനുബന്ധിച്ചായിരുന്ന കച്ചവടത്തിനും അവസരമൊരുക്കിയത്. ഇത്തവണ ഓണ്‍ലൈന്‍ ലേലവില്പനയ്ക്കു പുറമെ തല്‍സമയ കൗണ്ടര്‍ സെയില്സുമുണ്ടായിരുന്നു. സൗന്ദര്യത്തിലും റേസിങ് വൈദഗ്ധ്യത്തിലും മികച്ചു നില്ക്കുന്ന പരുന്തുകളെയായിരുന്ന തത്സമയ ലേലത്തില്‍ അവതരിപ്പിച്ചത്. 46 പ്രാദേശിക, അന്താരാഷ്ട്ര ഫാമുകളില്‍ നിന്നുള്ള പരുന്തുകള്‍ എക്സിബിഷന് എത്തിയിരുന്നു. ബ്യൂട്ടി ഫാല്‍ക്കണുകള്‍, റേസിങ് ഫാല്‍ക്കണുകള്‍ എന്നിങ്ങനെ രണ്ടു വിഭാഗത്തിലായാണ് ഇവയെ വില്പനയ്ക്കും പ്രദര്‍ശനത്തിനും വച്ചിരുന്നത്..മികച്ച ഫാല്‍ക്കണുകളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും സുസ്ഥിര രീതികള്‍ പ്രോത്സാഹിപ്പിക്കുക, ഫാല്‍ക്കണ്‍ ഫാമുകളെ പൊതു മധ്യത്തില്‍ അവതരിപ്പിക്കുക തുടങ്ങിയവയായിരുന്നു പരിപാടിയുടെ മറ്റു ലക്ഷ്യങ്ങള്‍.
ഫാല്‍ക്കണ്‍ പ്രദര്‍ശനം സമാപിച്ചു, ഗംഭീര വിജയം പതിനേഴു ലക്ഷം ദിര്‍ഹത്തിന്റെ കച്ചവടം

