ലണ്ടന്‍ ട്യൂബ് ട്രെയിന്‍ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു, യാത്രാദുരിതവും

ലണ്ടന്‍: ഭൂമിക്കടിയിലൂടെയുള്ള ട്യൂബ് ട്രെയിന്‍ ജീവനക്കാരുടെ ഒരാഴ്ചത്തെ പണിമുടക്ക് ആരംഭിച്ചതോടെ ലണ്ടനിലെ സ്ഥിരം യാത്രക്കാരുടെ കടുത്ത ക്ലേശത്തില്‍. നിത്യവും ട്യൂബ് ട്രെയിനിനെ ആശ്രയിച്ച് ജോലിക്കും മറ്റും പൊയ്‌ക്കൊണ്ടിരുന്നവരാണ് യാത്രാമാര്‍ഗം പരിമിതപ്പെട്ട അവസ്ഥയിലായിരിക്കുന്നത്. ഇവര്‍ ടാക്‌സിയെയും സ്വകാര്യ വാഹനങ്ങളെയും ആശ്രയിച്ചാണ് രണ്ടുദിവസമായി യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്.
റെയില്‍, മാരിടൈം ട്രാര്‍സ്‌പോര്‍ട്ട് യൂണിയനിലെ അംഗങ്ങളാണ് മുന്‍കൂര്‍ നോട്ടീസ് നല്‍കിയുള്ള പണിമുടക്കിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ശമ്പളത്തിലും ഡ്യൂട്ടിയിലും ഏകീകരണം നടപ്പിലാക്കുക, ആഴ്ചയിലെ പ്രവൃത്തി സമയം 32 മണിക്കൂറായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയച്ചാണ് ഇവരുടെ പണിമുടക്ക്.
ഏതൊക്കെ സര്‍വീസുകളെയാണ് പണിമുടക്ക് ബാധിക്കുന്നതെന്നറിയാന്‍ യാത്രക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതായിരിക്കും നല്ലതെന്ന് അധികൃതര്‍ അറിയിച്ചു. ജീവനക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലരപാടിലാണ് ടിഎഫ്എല്‍ അധികൃതര്‍.