നേപ്പാള്‍ സര്‍ക്കാര്‍ മുട്ടുകുത്തി, പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിവച്ചു, പ്രക്ഷോഭം എങ്ങോട്ട്

കാഠ്മണ്ഡു: സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരേ പ്രതിഷേധമായി പുതുതലമുറ യുവത്വം ആരംഭിച്ച എതിര്‍പ്പ് അതിവേഗം പ്രക്ഷോഭമായി കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു. രണ്ടാം ദിവസവും ജെന്‍ സി പ്രക്ഷോഭം അതി തീവ്രമായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജി. പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു തീയിടുകയും ചെയ്തു. ഇദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. നിലവിലെ പ്രശ്‌നത്തിനു ഭരണഘടനാപരമായ പരിഹാരം കാണുന്നതിനു വേണ്ടിയാണ് രാജിയെന്ന് ശര്‍മ ഒലി പ്രതികരിച്ചു.
പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്ന്‌ല രാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗം സോഷ്യല്‍ മീഡിയ നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ രാജി എന്ന ആവശ്യം ഉന്നയിച്ച് യുവജനത പ്രക്ഷോഭം തുടരുകയായിരുന്നു. ഇന്നലെ പ്രക്ഷോഭത്തെ ഉരുക്കുമുഷ്ടി കൊണ്ടു നേരിടാന്‍ തീരമാനിച്ചതാണ് പ്രധാനമന്ത്രിയുടെ ഭാവി തന്നെ അനിശ്ചിതത്വലാക്കിയത്. ഒടുവില്‍ പ്രധാനമന്ത്രി ശര്‍മ ഒലിക്ക് രാജിവച്ച് പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടു മടക്കേണ്ടതായി വരുകയും ചെയ്തു.
നേപ്പാളില്‍ ഇന്നലെ ആളിക്കത്തി തുടങ്ങിയ യുവജനപ്രക്ഷോഭം എല്ലാ അര്‍ഥത്തിലും നിയന്ത്രണാതീതമായി തുടരുകയായിരുന്നു. പ്രക്ഷോഭകര്‍ ഇന്ന് മന്ത്രിമന്ദിരങ്ങള്‍ക്ക് തീയിടുക വരെ ചെയ്തു.
ഇന്നലെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ നടപടികള്‍ 20 പേരുടെ മരണത്തിലാണ് കലാശിച്ചത്. ഇതോടെ ഒരു വിട്ടൂവീഴ്ചയ്ക്കുമില്ലെന്ന നിലപാടിലേക്ക് യുവജനങ്ങള്‍ എത്തുകയായിരുന്നു. എന്നാല്‍ ഇന്ന് സര്‍ക്കാരില്‍ നിന്നും കുറേക്കൂടി അയവുള്ള സമീപനമാണ് ദൃശ്യമായിരുന്നത്. സര്‍ക്കാര്‍ മുട്ടുകുത്തുന്നതിന്റെ സൂചനയായി അപ്പോള്‍ തന്നെ അതു വ്യഖ്യാനിക്കപ്പെടുകയും ചെയ്തു. ഇതിനിടെ സര്‍ക്കാരില്‍ സേവനമനുഷ്ഠിക്കാന്‍ താന്‍ യോഗ്യനല്ലെന്നു പ്രഖ്യാപിച്ച് ജലവിതരണ മന്ത്രി പ്രദീപ് യാദവ് ഇന്നു മന്ത്രിസ്ഥാനം രാജിവച്ചിട്ടുണ്ട്.
ദേശീയ സുരക്ഷയുടെ പേരിലാണ് രാജ്യത്ത് സോഷ്യല്‍ മീഡിയ അപ്പാടെ നിരോധിച്ചത്. ഇതോടെയാണ് അവ ജീവശ്വാസം പോലെ കരുതുന്ന യുവജനങ്ങള്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ പ്രക്ഷോഭരംഗത്തേക്കിറങ്ങിയത്. അതേസമയം പ്രക്ഷോഭത്തെ സംബന്ധിച്ച് നേപ്പാള്‍ ഗവണ്‍മെന്റ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കലാപത്തെ പറ്റി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെയും നിയമിച്ചു. അന്വേണ റിപ്പോര്‍ട്ട് പതിനഞ്ചു ദിവസത്തിനകം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.