ഏഷ്യന്‍ ക്രിക്കറ്റ് പോരിന് ഇന്നു തുടക്കം. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഞായറാഴ്ച ദുബായില്‍

ദുബായ്: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്നു തുടക്കം. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഏഷ്യ കപ്പിനെ ക്രിക്കറ്റ് പോരെന്നു പോലും ചെറിയ അര്‍ഥത്തില്‍ വിളിക്കാമെന്നിരിക്കെ ഗള്‍ഫിലെ അത്യുഷ്ണത്തെ വെല്ലുന്ന ക്രിക്കറ്റ് ചൂടിലേക്ക് ഏഷ്യ ഉണരുകയാണ്. യഥാര്‍ഥത്തില്‍ ഇന്ത്യയാണ് ആതിഥേയരെങ്കിലും പാക്കിസ്ഥാനുമായി ഇന്ത്യയ്ക്കുള്ള രാഷ്ട്രീയ അന്തരീക്ഷം വഷളായതിനാല്‍ മത്സരം ഗള്‍ഫിലേക്കു മാറ്റിയിരിക്കുന്നു എന്നു മാത്രം. അപ്പോഴും നിയന്ത്രണം ബിസിസിഐക്കു തന്നെ. അല്ലെങ്കില്‍ തന്നെ ഇന്ത്യയോ പാക്കിസ്ഥാനോ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റുകള്‍ കുറേക്കാലമായി ഇരു രാജ്യങ്ങളോടും തുല്യ അകലം പാലിക്കുന്ന മറ്റേതെങ്കിലും രാജ്യത്തു നടത്തി വരുന്നതാണ് രീതി.
ദുബായിലെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ കളിക്കുക എന്നതായിരിക്കും കപ്പ് അടിക്കുക എന്നതിനെക്കാള്‍ ഏതു രാജ്യത്തിനും ക്ലേശം തീര്‍ക്കുക എന്നുറപ്പ്. ഉദ്ഘാടനദിനമായ ഇന്ന് ദുബായിലെ ചൂട് 41 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മുകളിലേക്കാണ്. ഹ്യുമിഡിറ്റി അഥവാ അന്തരീക്ഷ ആര്‍ദ്രത 43 ഡിഗ്രിയും. അതായത് കളിക്കാര്‍ വെറുതെ നിന്നാലും വിയര്‍ത്തുകുളിക്കുമെന്നര്‍ഥം.
ആകെ എട്ട് ടീമുകളാണ് ഇത്തവണ മത്സരത്തില്‍ മാറ്റുരയ്ക്കുക. ഇതില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിങ്ങനെ അഞ്ചു ടീമുകള്‍ ഐസിസിയില്‍ ഫുള്‍ മെംബര്‍ഷിപ്പുള്ള രാജ്യങ്ങളില്‍ നിന്നാണ്. യുഎഇ, ഒമാന്‍. ഹോങ്കോങ് എന്നിങ്ങനെ മൂന്നു ടീമുകള്‍ അസോസിയേറ്റ് അംഗത്വം മാത്രമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവയും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പിന്റെ അതേ പാറ്റേണിലെത്താനാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റും ഇത്തവണ ട്വന്റി-20 രീതിയിലാക്കിയിരിക്കുന്നത്. അതായത് ഇതിലെ വിജയത്തിന്റെ തിളക്കം ഐസിസി ലോകകപ്പിനോളം എത്തുമെന്നര്‍ഥം.
ഇന്ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിലെ കടശിക്കളി സെപ്റ്റംബര്‍ 28നാണ് നടക്കുക. എട്ടു ടീമുകളെ രണ്ടു ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. രണ്ടു ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനത്തെത്തുന്ന ടീമുകള്‍ സൂപ്പര്‍ ഫോര്‍ എന്ന സെമിഘട്ടത്തിലേക്കു ക്ലാസിഫൈ ചെയ്യപ്പെടും. ഇതിലെ വിജയികള്‍ തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുക. സൂപ്പര്‍ ഫോര്‍, ഫൈനല്‍ മത്സരങ്ങല്‍ ദുബായിലാണ് നടക്കുക. അതിനു മുമ്പുള്ള മത്സരങ്ങളില്‍ ചിലത് അബുദാബിയിലാണ് നടക്കുക.
സത്യത്തില്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം അടുത്ത ഞായറാഴ്ചയാണ് നടക്കുക. രണ്ടു രാജ്യങ്ങളും ഒരേ ഗ്രൂപ്പില്‍ വരുന്നതിനാലാണ് ഈ മത്സരത്തിനായി സൂപ്പര്‍ ഫോര്‍ വരെ കാത്തിരിക്കേണ്ടതായി വരാത്തത്.
നാളെ യുഎഇക്കെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഇത്തവണ കപ്പ് അടിക്കാന്‍ മിക്ക ക്രിക്കറ്റ് നീരീക്ഷകരും കൂടുതല്‍ സാധ്യത കല്‍പിക്കുന്നത് ഇന്ത്യയ്ക്കാണ്. ഇതിനു കാരണം കഴിഞ്ഞ തവണത്തെ ജേതാക്കള്‍ എന്ന നിലയില്‍ ഇന്ത്യയ്ക്കു ലഭിക്കുന്ന ചെറിയ മെച്ചത്തിനു പുറമെ ടീമിന്റെ മികച്ച ഫോം കൂടിയാണ്. ബാക്കിയൊക്കെ കാത്തിരുന്നു കാണുക എന്നല്ലാതെ എന്തു പറയാന്‍.