മുംബൈ: രാജ്യത്തെ അതീവ സുരക്ഷാ മേഖലകളിലൊന്നായ നേവി റസിഡന്‍ഷ്യല്‍ മേഖലയില്‍ വന്‍ സുരക്ഷാ വീഴ്ച. നാവിക ഉദ്യോഗസ്ഥനായി വേഷം മാറിയെത്തിയ ആള് ആയുധങ്ങളുമായി കടന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മുംബൈ കൊളാബയിലെ നേവി നഗറിലാണ് അള്മാറാട്ടവും ആയുധ മോഷണവും നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഉദ്യോഗസ്ഥനെ കബളിപ്പിച്ചാണ് ഒരു ഇന്‍സാസ് റൈഫിളും രണ്ടു മാഗസിന് വെടിയുണ്ടകളും അജ്ഞാതനായ യുവാവ് കടത്തിയത്. ഇയാളെ കണ്ടെത്തിയിട്ടില്ല.
നേവി നഗറിലെ പ്രവേശന കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂണിയര്‍ ഉദ്യോഗസ്ഥന്റെയടുത്ത് രാത്രി ഏഴരയോടെ നേവി യൂണിഫോമിലെത്തിയ ഒരു യൂവാവ് ഡ്യൂട്ടി കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. സെക്യുരിറ്റി ജോലിക്കായി എത്തിയതാണെന്നു പറഞ്ഞതോടെ അതുവരെ ഡ്യൂട്ടിയിലുണ്ടായിരുന്നയാള്‍ ആയുധവും 40 ലൈവ് കാട്രിഡിജുകള് അടങ്ങിയ രണ്ടു മാഗസിനുകളും ഇയാളെ ഏല്പിച്ച് ഡ്യൂട്ടി വിട്ടു. പിന്നീട് മറന്നു വച്ച വാച്ച് എടുക്കാനായി ആദ്യത്തെ ഉദ്യോഗസ്ഥന് തിരികെയെത്തിയപ്പോഴാണ് സെക്യുരിറ്റി പോസ്റ്റ് കാലി കിടക്കുന്നത് കാണുന്നത്. തിരക്കിയപ്പോള്‍ ഡ്യൂട്ടി ഏറ്റുവാങ്ങിയ ആള് ആ ഭാഗത്തെങ്ങും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ആള്‍മാറാട്ടം സ്ഥിരീകരിച്ചത്.
ഏതാനും സമയം എല്ലാവരും ചേര്‍ന്ന് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. പിന്നീട് ഉന്നത അധികൃതരെ വിവരം ധരിപ്പിക്കുകയും അവര്‍ പോലീസില്‍ പരാതി സമര്‍പ്പിക്കുകയുമായിരുന്നു. കഫേ പരേഡ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയ ശേഷം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യൂണിഫോമില്‍ ആള്‍മാറാട്ടം നടത്തി നേവി മേഖലയില്‍ നിന്ന് അജ്ഞാതന്‍ ആയുധങ്ങള്‍ കടത്തി
