ഇന്ത്യന്‍ വംശജര്‍ക്കെതിരായ ജസീന്ത പ്രൈസിന്റെ പ്രസ്താവനയ്‌ക്കെതിരേ ലിബറല്‍ ക്യാമ്പില്‍ നിന്നു കടുത്ത എതിര്‍പ്പുയരുന്നു. എത്രയും വേഗം പരസ്യമായി ഇന്ത്യക്കാരോടു മാപ്പു പറഞ്ഞ് സ്വന്തം പ്രസ്താവന തിരുത്താന്‍ പ്രൈസ് തയാറാകണമെന്ന് ലിബറല്‍ വിഭാഗത്തിന്റെ സീനിയര്‍ സെനറ്റര്‍ അലക്‌സ് ഹോക്ക് ആവശ്യപ്പെട്ടു. അതേ സമയം പ്രശ്‌നം തണുപ്പിക്കുന്നതിനായുള്ള തീവ്ര ശ്രമങ്ങളുമായി പ്രതിപക്ഷ നേതാവ് സൂസന്‍ ലേ തന്നെ രംഗത്തിറങ്ങി. ഇന്ത്യന്‍, ചൈനീസ് വംശജരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വട്ടമേശ സമ്മേളനം വിളിച്ചുകൂട്ടാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം.
കഴിഞ്ഞയാഴ്ച എബിസിയുടെ ആഫ്റ്റര്‍നൂണ്‍ ബ്രീഫിങ് എന്ന പതിവു പരിപാടിയിലാണ് ഇന്ത്യന്‍ വംശജര്‍ക്കെതിരേ വിഷം തുപ്പുന്ന പരാമര്‍ശവുമായി നോര്‍ത്തേണ്‍ ടെറിറ്ററിയില്‍ നിന്നുള്ള ലിബറല്‍ സെനറ്റര്‍ ജസീന്ത് നമ്പിജിന്‍പ പ്രൈസ് രംഗത്തെത്തിയത്. ഇന്ത്യക്കാരുടെ വോട്ട് കിട്ടാന്‍ വേണ്ടി ലേബര്‍ ഗവണ്‍മെന്റ് അവരെ വന്‍തോതില്‍ കടത്തിക്കൊണ്ടു വരികയാണെന്നായിരുന്നു പ്രൈസിന്റ് ആരോപണം. അന്നു മുതല്‍ ഇന്നുവരെ ഇന്ത്യന്‍ വംശജരുടെ മാത്രമല്ല, സ്വന്തം ക്യാമ്പില്‍ നിന്നുള്ളവരുടെ വരെ വിമര്‍ശനം ഈ പ്രസ്താവനയ്‌ക്കെതിരേ ഉയരുകയാണ്. ഇന്ത്യന്‍ വംശജരെ സംബന്ധിച്ച് പ്രൈസ് പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് ഇവരുടെ പ്രസ്താവനയ്ക്കു പിറ്റേദിവസം തന്നെ താന്‍ അവരെ ഫോണില്‍ വിളിച്ചു പറഞ്ഞതായി അലക്‌സ് ഹോക്ക് വെളിപ്പെടുത്തി. ഇന്ത്യക്കാരോട് പരസ്യമായി ക്ഷമാപണം നടത്തണമെന്നാണ് താന്‍ പിന്നീട് ആവശ്യപ്പെട്ടതെന്നു ഹോക്ക് പറഞ്ഞു.
വംശീയ വെറിയന്‍മാര്‍ ഇന്ത്യക്കാര്‍ക്കെതിരേ പ്രധാനമായും വിഷം വമിപ്പിച്ചുകൊണ്ട് കുടിയേറ്റ വിരുദ്ധ റാലി നടത്തി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പ്രൈസ് ഇന്ത്യക്കാര്‍ക്കെതിരേ തെറ്റായ പ്രസ്താവന നടത്തിയത് ന്യായീകരിക്കാനാവില്ലെന്നു ഹോക്ക് പറഞ്ഞു. എന്നാല്‍ ഹോക്കിന്റെ പ്രസ്താവനയ്‌ക്കെതിരേ മറ്റൊരു തരത്തില്‍ ഫേസ്ബുക്കില്‍ എഴുതിയാണ് തന്റെ നിലപാടില്‍ നിന്നു പിന്നോട്ടില്ലെന്ന സൂചന പ്രൈസ് നല്‍കുന്നത്. ഹോക്ക് മനപൂര്‍വം തന്റെയൊരു സ്റ്റാഫ് അംഗത്തെ തരംതാഴ്ത്തി സംസാരിക്കുകയാണെന്നും ഈ നടപടി ഭീരുത്വവും അസ്ഥാനത്തുള്ളതുമാണെന്നാണ് പ്രൈസ് തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നത്. ലിബറല്‍ ക്യാമ്പ് ഒന്നടങ്കം പ്രൈസിനെതിരേ രംഗത്തു വരണമെന്നാണ് നിഷ്പക്ഷമതികള്‍ ആവശ്യപ്പെടുന്നത്.
മറയില്ലാതെ വിഷം ചീറ്റിയ പ്രൈസിനെതിരേ ലിബറല്‍ ക്യാമ്പില്‍ തന്നെ പടയൊരുക്കം
