ജസീന്തയുടെ മറയില്ലാത്ത ധിക്കാരത്തിനെതിരേ ഇന്ത്യ ശക്തമായ നിലപാടിലേക്ക്

കാന്‍ബറയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ഇന്ത്യ ഗവണ്‍മെന്റ് കാന്‍ബറ അധികൃതരില്‍ ഉറപ്പ് ആവശ്യപ്പെട്ടതായി ഫിനാന്‍ഷ്യല്‍ റിവ്യൂ ദിനപ്പത്രം വെളിപ്പെടുത്തുന്നു. കുടിയേറ്റ വിരുദ്ധ റാലിയും അതിനു ശേഷം ജസീന്ത പ്രൈസിന്റെ വിവാദ പരാമര്‍ശവുമാണ് ഇത്തരം നടപടിക്ക് ഇന്ത്യ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചതെന്ന് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. ജസീന്ത പ്രൈസിന്റെ പ്രസ്താവനയുടെ വെളിച്ചത്തില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ വംശജര്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ ഫലമാകാം ഇപ്പോഴത്തെ പ്രതികരണമെന്ന നിഗമനത്തിലാണ് പത്രം എത്തിച്ചേരുന്നത്. ഇന്ത്യ ഗവണ്‍മെന്റ് സമീപകാല സംഭവങ്ങളുടെ വെളിച്ചത്തില്‍ തങ്ങളുടെ അശങ്ക അറിയിച്ചെന്ന വിവരം ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും ശരി വച്ചിട്ടുണ്ട്.
അതേ സമയം ഓസ്‌ട്രേലിയയിലെ മുഴുവന്‍ ഇന്ത്യന്‍ സമൂഹവും കടുത്ത പ്രതിഷേധത്തോടെയും അമര്‍ഷത്തോടെയുമാണ് ജസീന്ത പ്രൈസിന്റെ നിലപാടിനെ നോക്കിക്കാണുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഇന്ത്യന്‍ സംഘടനകളും ഹിന്ദുസ് ഇന്‍ ഓസ്‌ട്രേലിയ പോലെയുള്ള പ്രസ്ഥാനങ്ങളും വളരെ ശക്തമായ രീതിയിലാണ് തങ്ങളുടെ വികാരം വെളിപ്പെടുത്തുന്നത്. ലിബറല്‍ പാര്‍ട്ടിയെ വിശ്വസിച്ചു പോരുന്ന ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ പൊതുസമൂഹം തങ്ങളുടെ നിലപാടുകള്‍ മാറ്റുന്ന കടുത്ത ചുവടുവയ്പിലേക്കു പോലും നീങ്ങാനുള്ള തയാറെടുപ്പിലാണെന്നു പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. ലിബറല്‍ പാര്‍ട്ടിയില്‍ ഇന്ത്യന്‍ ജനതയ്ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്ന തിരിച്ചറിവില്‍ പ്രതിപക്ഷവും എത്തിച്ചേരുകയാണ്. ഇതുവഴിയുണ്ടായ ക്ഷീണം തീര്‍ക്കുന്നതിന് പ്രതിപക്ഷ നേതാവു തന്നെ സംസ്ഥാനങ്ങള്‍ തോറും നടന്ന് ഇന്ത്യന്‍ സമൂഹങ്ങളുമായി സംസാരിക്കുകയാണെങ്കിലും ജസീന്ത പ്രൈസ് മാപ്പു പറയുന്നതില്‍ കുറഞ്ഞൊന്നും തങ്ങള്‍ക്കു സ്വീകാര്യമല്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ സമൂഹം നില്‍ക്കുന്നത്. ഒരു അബോറിജിനല്‍ സമൂഹത്തില്‍ നിന്നു വന്നിരിക്കുന്ന ജസീന്ത പ്രൈസ് ഇത്തരം നിലപാട് എടുക്കാന്‍ പാടില്ലായിരുന്നെന്ന അഭിപ്രായം ലിബറല്‍ പാര്‍ട്ടിയില്‍ പോലും വളരെ ശക്തമാണ്. വൈറ്റ് ഓസ്‌ട്രേലിയന്‍ തീവ്രവാദത്തിന്റെ ഇരകളായി ഇന്ത്യന്‍ വംശജരെ പോലെ തന്നെ അബോറിജിനലുകളും മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഇവരുടെ പ്രസ്താവന സ്വന്തം സമൂഹത്തിനു തന്നെ ദോഷകരമായി മാറുമെന്ന് നിഷ്പക്ഷമതികളായ എല്ലാ ഓസ്‌ട്രേലിയക്കാരും ചിന്തിക്കുന്നുമുണ്ട്.