ജസീന്ത പ്രൈസ് മാപ്പു പറഞ്ഞേ തീരൂവെന്ന് ഡാര്‍വിന്‍ ഇന്ത്യന്‍ സമൂഹം

വായില്‍ വന്നതു കോതയ്ക്കു പാട്ട് എന്ന രീതിയില്‍ ജസീന്ത പ്രൈസ് നടത്തിയ അസത്യ പ്രസ്താവനയ്‌ക്കെതിരേ ശക്തമായ നിലപാടുമായി ഡാര്‍വിനിലെ ഇന്ത്യന്‍ സമൂഹം രംഗത്തെത്തി. ജസീന്ത പ്രൈസ് നടത്തിയ പ്രസ്താവനയില്‍ നിന്നു തിരിഞ്ഞു നടക്കുന്നതു പ്രശ്‌ന പരിഹാരത്തിനു മതിയാവില്ലെന്നു ഡാര്‍വിന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് മീത രാംകുമാര്‍ പറയുന്നു.
അവരുടെയത്ര ഉന്നതമായ സ്ഥാനത്തിരിക്കുന്നൊരു നേതാവ് ഇത്തരം ഉത്തരവാദിത്വമില്ലാത്ത പ്രസ്താവന നടത്താന്‍ തയാറാകുന്നതോര്‍ക്കുമ്പോള്‍ തങ്ങള്‍ക്കു ഞെട്ടലാണെന്ന് മീത പറഞ്ഞു. ഇവര്‍ നടത്തിയ പ്രസ്താവന കാടടച്ചുള്ളതാണ്, തെറ്റാണ്, അടിസ്ഥാനരഹിതമാണ്, ഇന്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണ്. ഇത് അങ്ങേയറ്റത്തെ ദ്രോഹകരമായ വാക്കുകളാണ്. മീത കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഡാര്‍വിന്‍ ഇന്ത്യന്‍ സമൂഹം ജസീന്ത പ്രൈസിന് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍ സമൂഹത്തിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ സമൂഹം ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ മുഴുവന്‍ തുരങ്കം വയ്ക്കുന്ന പ്രസ്താവനയാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് കത്തില്‍ സമൂഹത്തിലെ അംഗങ്ങള്‍ വ്യക്തമാക്കി.