ജറുസലേം: സമീപ വര്‍ഷങ്ങളില്‍ ഇസ്രയേലില്‍ പലസ്തീന്‍ വംശജര്‍ നടത്തിയ ഏറ്റവും കനത്ത ആക്രമണത്തില്‍ ആറ് ഇസ്രയേലുകാര്‍ കൊല്ലപ്പെടുകയും പതിനൊന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജറുസലേം നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ബസ് സ്റ്റോപ്പിലായിരുന്നു ആക്രമണം. അതുവഴി വന്ന ഒരു വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറയിലെ ദൃശ്യങ്ങളില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബസിനു സമീപം വെടിയുതിര്‍ക്കുന്നതും ആളുകള്‍ ചിതറിയോടുന്നതും വ്യക്തമായി കാണാം. മറ്റൊരു വീഡിയോ ദൃശ്യത്തില്‍ ബസിന്റെ ചില്ലുകള്‍ വെടിയേറ്റ് തകര്‍ന്നതും കാണാം.
കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. വെടിവയ്പ് നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഇസ്രയേല്‍ ആംബുലന്‍സുകള്‍ സ്ഥലത്ത് കുതിച്ചെത്തുകയും കൊല്ലപ്പെട്ടവരെ അവിടെ നിന്നു നീക്കം ചെയ്യുകയും ചെയ്തു. കൊല്ലപ്പെട്ടവരിലൊരാള്‍ അമ്പതു വയസോളം പ്രായം വരുന്ന ഒരു പുരുഷനും അമ്പതിലധികം പ്രായം വരുന്നൊരു സ്ത്രീയും ചെറുപ്പക്കാരായ മൂന്നു പുരുഷന്‍മാരും ഉള്‍പ്പെടുന്നു.
ഇസ്രയേല്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ നിന്നുള്ള രണ്ടു യുവാക്കളാണ് വെടിയുതിര്‍ത്ത് കൊല നടത്തിയതെന്ന് പിന്നീട് ഇസ്രയേലിന്റെ വിദേശകാര്യ മന്ത്രി ഗിഡിയോന്‍ സാര്‍ വെളിപ്പെടുത്തി. ആക്രമണം നടത്തിയ പാലസ്തീന്‍ പ്രതിരോധ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായി ഹമാസിന്റേതായി പുറത്തു വന്ന കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ജറുസലേമിനു സമീപം പാലസ്തീന്‍കാര്‍ വെടിയുതിര്‍ത്തു, ആറ് ഇസ്രയേല്‍ക്കാര്‍ മരിച്ചു
