ക്യാമ്പ് സോവറിനിറ്റി ആക്രമണത്തിന്റെ ഓര്‍മയില്‍ ദേശീയ ട്രൂത്ത് ടെല്ലിങ്ങിന്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ആദിമജനതയുടെ ഓര്‍മ്മസ്ഥലവും പ്രാചീന മൃതസംസ്‌കാരസ്ഥലവുമായ ക്യാമ്പ് സോവറിനിറ്റി നവനാസികളുടെ ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ ആദിമജനതാവകുപ്പു മന്ത്രി മലന്‍ഡിരി മക്കാര്‍ത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയതലത്തിലുള്ള സത്യം പറച്ചില്‍ (truth telling – ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ മായ്ക്കപ്പെട്ട അദ്ധ്യായങ്ങളേപ്പറ്റിയുള്ള സത്യങ്ങള്‍ തുറന്നുപറയുന്ന പ്രക്രിയ) രാജ്യത്തിന്റെ ഭദ്രതയ്ക്കു സുപ്രധാനമാണെന്നാണ് മക്കാര്‍ത്തി പറഞ്ഞത്.
ഓഗസ്റ്റ് 31നായിരുന്നു ക്യാമ്പ് സോവറിനിറ്റി ആക്രമണം നടന്നത്. കുടിയേറ്റ വിരുദ്ധ റാലിക്കു ശേഷം അക്രമാസക്തരായ ആള്‍ക്കൂട്ടം ക്യാംപ് സോവറിനിറ്റി ആക്രമിക്കുകയായിരുന്നു. ഇതിന് ഉത്തരവാദികളായ ഏതാനും പേര്‍ പിന്നീട് അറസ്റ്റിലായിട്ടുണ്ട്. നവനാസികളുടെ നേതാവായ തോമസ് സിവെലും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ഇയാള്‍ക്ക് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. ഇയാള്‍ പുറത്തിറങ്ങുന്നത് സമൂഹത്തിന്റെ സുരക്ഷയ്ക്കു വെല്ലുവിളിയാണെന്നാണ് കോടതി പറഞ്ഞത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്യാംപ് സോവറിനിറ്റിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഓസ്‌ട്രേലിയന്‍ മന്ത്രി മക്കാര്‍ത്തി ഞായറാഴ്ച അവിടം സന്ദര്‍ശിച്ച് ജനങ്ങളുടെ വേദന നേരിട്ടു കണ്ടുമനസ്സിലാക്കുകയും ചെയ്തു. ഈ ഭയാനകമായ അന്തരീക്ഷത്തിലും ആത്മീയസമാധാനത്തിനുള്ള പ്രസക്തിയെപ്പറ്റി അവര്‍ ഊന്നിപ്പറഞ്ഞു. ആക്രമണത്തിന്റെ വെളിച്ചത്തില്‍ ദേശീയതല സത്യംപറച്ചില്‍ തുടരണോ എന്ന ചോദ്യത്തിന്, ക്യാംപ് സോവറിനിറ്റി മേധാവി അങ്കിള്‍ റോബി തോര്‍പ്പുമായുള്ള തന്റെ ചര്‍ച്ചയില്‍ അക്കാര്യം സൂചിപ്പിച്ചിരുന്നതായി അവര്‍ പറഞ്ഞു. പ്രാദേശികതലങ്ങളിലും ദേശീയതലത്തിലും ഇത്തരം ചര്‍ച്ചകള്‍ക്ക് അനിഷേധ്യസ്ഥാനമുണ്ടെങ്കിലും, മൊത്തം രാജ്യത്തെയും കൂടെനിര്‍ത്തേണ്ടതുണ്ട്. ആളുകള്‍ ഇപ്പോള്‍ തത്കാലം ഒരുമിച്ചുനിന്ന് ഭിന്നതയും വെറുപ്പും മറക്കുന്നതാണ് ഏറ്റവും പ്രധനാപ്പെട്ട കാര്യമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കുടിയേറ്റവിരുദ്ധ മാര്‍ച്ചിനൊടുവില്‍ ഓഗസ്റ്റ് 31നു നടന്ന ഭീകരമായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ക്യാംപ് സോവറിനിറ്റിയുടെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ശനിയാഴ്ച അവിടെ സംഗമിച്ചു. ക്യാംപ് പ്രതിനിധീകരിക്കുന്ന മൂല്യങ്ങളെ തീവ്രവലതുപക്ഷത്തിനു ഭയമാണെന്ന് മൂപ്പന്‍ സ്ഥാനത്തുള്ള അങ്കിള്‍ റോബി തോര്‍പ്പ് ആരോപിച്ചു. മാര്‍ച്ചുകഴിഞ്ഞ് നേരെ അവര്‍ അങ്ങോട്ടുചെന്നെന്നും തങ്ങളുടെ ആശയങ്ങളോടുള്ള ഭയംനിമിത്തം അവര്‍ ആക്രമണമഴിച്ചുവിട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. തങ്ങള്‍ സത്യത്തെയും സുഖപ്പെടുത്തലിനെയുംപറ്റി സംസാരിക്കുമ്പോള്‍ ഈ നാട് സ്ഥായിയായ സത്യനിഷേധത്തിലാണ് കഴിയുന്നതെന്നാണ് അദ്ദേഹം പറയുന്നത്.