നമ്മുടെ ലാലേട്ടന്‍ സൂപ്പര്‍, പറയുന്നത് പീക്കി ബ്ലൈന്‍ഡേഴ്‌സ് ഫെയിം കോസ്‌മോ ജാര്‍വിസ്

ലണ്ടന്‍: ലോകമെമ്പാടും ആരാധക ലക്ഷങ്ങളെ ഒപ്പം നിര്‍ത്തിയിരിക്കുന്ന വിശ്രുത ഇംഗ്ലീഷ് നടന്‍ കോസ്‌മോ ജാര്‍വിസിന്റെ ഇഷ്ടതാരങ്ങളുടെ പട്ടിക കേട്ടാല്‍ മലയാളിയുടെ ഉള്ളം തുള്ളിച്ചാടും. മലയാളത്തിന്റെ ലാലേട്ടന്‍ എന്ന മോഹന്‍ലാലാണ് ജാര്‍വിസിന്റെ ഇഷ്ടതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ആകെ ഇടംപിടിച്ചിരിക്കുന്നത്.
ഹാരിസണ്‍ കോസ്‌മോ ക്രിക്കോറിയന്‍ ജാര്‍വിസ് എന്ന കോസ്‌മോ ജാര്‍വിസ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന പീക്കി ബ്ലൈന്‍ഡേഴ്‌സ് എന്ന സീരിയലിലെ പ്രധാന കഥാപാത്രമാണ്. ലോകപ്രശസ്തമായ സിനിമകളായ ലേഡി മാക്ബത്ത്, കാം വിത്ത് ഹോഴ്‌സസ്, പെര്‍സ്വേഷന്‍, വാര്‍ഫെയര്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനേതാവുമാണ്. ആര്‍ട്ടിക്കിള്‍ എന്ന മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനോടുള്ള തന്റെ സ്‌നേഹം ജാര്‍വിസ് വെളിപ്പെടുത്തുന്നത്. ഇഷ്ടനടന്‍മാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒന്നാമതായി പറഞ്ഞ പേര് എക്കാലത്തെയും അനശ്വര നടന്‍ ചാര്‍ലി ചാപ്ലിന്റേതായിരുന്നു. അതിനു പിന്നാലെ വരുന്നത് ബ്രൂണോ ഗാന്‍സ്, ആന്തണി ഹോപ്കിന്‍സ്, മൈക്കല്‍ ഷാനന്‍, ഗാരി ഓള്‍ഡ്മാന്‍, കാത്തി ബേറ്റ്‌സ്, വാക്വിന്‍ ഫീനിക്‌സ് പിന്നെ നമ്മുടെ മോഹന്‍ലാല്‍ എന്ന ക്രമത്തിലാണ് താരം വെളിപ്പെടുത്തുന്നത്. മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇഷ്ട ചിത്രങ്ങളുടെ പട്ടികയില്‍ അവയുടെയൊന്നിന്റെയും പേരുകളില്ല. എന്നാല്‍ താളവട്ടം എന്ന ചിത്രത്തിനു പ്രേരണയായ വണ്‍ഫ്‌ളൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ് എന്ന ചിത്രം ഇഷ്ട ചിത്രങ്ങളുടെ പട്ടികയിലുണ്ട്. അതായത് മലയാള ചലച്ചിത്രങ്ങളുടെ പരിധിയില്‍ ഒതുങ്ങേണ്ട നടനല്ല മോഹന്‍ലാല്‍ എന്നര്‍ഥം. ഇന്ത്യയില്‍ നിന്ന് മറ്റൊരു താരത്തിന്റെയും പേര് ജാര്‍വിസിന്റെ പരിഗണനയില്‍ വന്നിട്ടുമില്ല.