ആധാറിന്റെ അയിത്തം മാറ്റി സുപ്രീം കോടതി, പന്ത്രണ്ടാമത്തെ രേഖയായി അംഗീകരിച്ചു

ന്യൂഡല്‍ഹി: കോടതി കയറിയ ബീഹാര്‍ വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണത്തില്‍ ആധാറിന്റെ അയിത്തം നീക്കി സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദേശം നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നു ലക്ഷക്കണക്കിനു വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവാദം സൃഷ്ടിച്ചത്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്നു പേരിട്ട ഈ പരിപാടിയില്‍ വോട്ടവകാശം ഉറപ്പിക്കാനുള്ള രേഖയായി ആധാര്‍ അംഗീകരിച്ചിരുന്നില്ല. പകരം വേറെ പതിനൊന്നു രേഖകളാണ് ഇതിനായി കമ്മീഷന്‍ നിശ്ചയിച്ചത്. എന്നാല്‍ പന്ത്രണ്ടാമത്തെ രേഖയായി ആധാര്‍ പരിഗണിക്കുക തന്നെ വേണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. വോട്ടര്‍ സമര്‍പ്പിക്കുന്ന ആധികാരികത കമ്മീഷന് ഉറപ്പു വരുത്താവുന്നതാണെന്ന അനുവാദവും കോടതി നല്‍കിയിട്ടുണ്ട്.
അനധികൃത കുടിയേറ്റക്കാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെ ആരും അനുകൂലിക്കുന്നില്ലെങ്കിലും രാജ്യത്തെ പൗരന്‍മാര്‍ക്ക് തങ്ങളുടെ പേര് വോട്ടര്‍ പട്ടികയിലുണ്ടെന്ന് ഉറപ്പുവരുത്താന്‍ അവകാശമുണ്ടെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. ആധാര്‍ നിയമത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വ്യവസ്ഥകള്‍ സൂക്ഷ്മമായി പരിശോധിച്ച കോടതി അവയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയല്‍ രേഖയായി കണക്കാക്കുന്നതിന് ആധാറിന് യോഗ്യതയുണ്ടെന്നു കണ്ടെത്തുകയായിരുന്നു. എന്നാല്‍ പൗരത്വത്തിന്റെ രേഖയായി ആധാര്‍ കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കരട് വോട്ടര്‍ പട്ടികയില്‍ 7.24 കോടി വോട്ടര്‍മാരില്‍ 99.6 ശതമാനം വോട്ടര്‍മാരും കൃത്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. വോട്ടര്‍മാരുടെ പേരു വെട്ടാന്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മറയാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന് ഏറ്റ വലിയ തിരിച്ചടിയായി ഇന്നലത്തെ കോടതി ഉത്തരവ് വിലയിരുത്തപ്പെടുന്നു.