നാല്‍പതാം വയസില്‍ നടിക്ക് കന്നി പ്രസവം, ഭര്‍ത്താവില്ലാതെ, കുട്ടിക്ക് അച്ഛനില്ലാതെ.

ബെംഗളൂരു: നാല്‍പതാം വയസില്‍ പ്രസവിക്കുക, അതും വിവാഹം കഴിക്കാതെയും പങ്കാളിയില്ലാതെയും. അതാണ് കന്നട നടി ഭാവന രാമണ്ണ ചെയ്തിരിക്കുന്നത്. ലോകത്തെ മുഴുവന്‍ ഞെട്ടിച്ചതായിരുന്നു ഇവരുടെ ഗര്‍ഭധാരണം തന്നെ. നടിക്ക് വയറ്റിലുണ്ടായ വിവരം ലോകമറിയുന്നത് ഗര്‍ഭത്തിന്റെ അവസാന ഘട്ടത്തിലാണ്. അപ്പോള്‍ തീയതി 2025 ജൂലൈ 4. നിറവയറുമായി നില്‍ക്കുന്ന പടത്തോടൊപ്പമാണ് ഗര്‍ഭവാര്‍ത്ത അവര്‍ സോഷ്യല്‍മീഡിയയിലൂടെ ലോകത്തെ അറിയിക്കുന്നത്. കഴിഞ്ഞമാസം അവസാനം പ്രസവിക്കുകയും ചെയ്തു. പുറമെ നിന്നു ബീജം സ്വീകരിച്ച് ലൈംഗിക ബന്ധമില്ലാത്ത ഗര്‍ഭം ധരിക്കുന്ന ഐവിഎഫ് രീതിയിലായിരുന്നു കാര്യങ്ങള്‍.
‘എന്റെ ഇരുപതുകളിലും മുപ്പതുകളിലും അമ്മയാകണമെന്ന് എനിക്കു തോന്നിയിട്ടില്ല. പക്ഷേ, വയസ് നാല്‍പതായപ്പോള്‍ ആ അഗ്രഹം തോന്നി. അവിവാഹിതയായ സ്ത്രീ എന്ന നിലയില്‍ അത് അത്ര എളുപ്പമായിരുന്നില്ല.’ ഈ കുറിപ്പോടെയാണ് തന്റെ ഗര്‍ഭവാര്‍ത്ത ഭാവന ലോകത്തെ അറിയിച്ചത്.
ഇരട്ടകളെയാണ് ഗര്‍ഭം ധരിച്ചിരിക്കുന്നതെന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നു. എന്നാല്‍ പ്രസവത്തോടെ ഒരു കുഞ്ഞ് മരിച്ചുവെന്നാണ് അറിയുന്നത്. രണ്ടും പെണ്‍കുഞ്ഞുങ്ങളായിരുന്നെങ്കിലും ഒരാളേ നിലവില്‍ ജീവനോടെയുള്ളൂ. ഗര്‍ഭത്തിന്റെ മൂന്നാം ഘട്ടത്തില്‍ ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനാല്‍ എട്ടാം മാസം മുതല്‍ ആശുപത്രിയില്‍ തന്നെയായിരുന്നു താമസവും ഗര്‍ഭശുശ്രൂഷകളും. പ്രസവം കഴിഞ്ഞ് രണ്ടാഴ്ചയിലധികം പിന്നിട്ടതിനു ശേഷമാണ് കുഞ്ഞു ജനിച്ച കാര്യം ലോകം അറിയുന്നത്. അതും ബേബി ഷവറിന്റെ വിശേഷങ്ങള്‍ നടി തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതോടെ.
കുട്ടിയെ വളര്‍ത്തുന്നതിനും ഭാവനയ്ക്ക് സ്വന്തമായ തീരുമാനങ്ങളുണ്ട്. തന്റെ കുട്ടിക്ക് അച്ഛനില്ലായിരിക്കാം. പക്ഷേ, കല, സംഗീതം, സംസ്‌കാരം, സ്‌നേഹം എന്നിവയാല്‍ നിറഞ്ഞ വീട്ടിലായിരിക്കും അവള്‍ വളരുകയെന്ന് ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അങ്ങനെ സ്‌നേഹവും സന്തോഷവും കലയും സംസ്‌കാരവും നിറഞ്ഞ വീട്ടില്‍ ഭാവനയുടെ മകള്‍ വളരുകയാണിപ്പോള്‍.