സിംഗപ്പൂര്‍: സിംഗപ്പൂര്‍ നഗരത്തിലെ ഹാവ്‌ലക്ക് റോഡിന്റെ അടയാളമായി സഞ്ചാരികളും നാട്ടുകാരും ഒരു പോലെ പറഞ്ഞിരുന്നത് ഒരേയൊരു പേരായിരുന്നു. അതാണ് ഹോട്ടല്‍ മിറാമര്‍. മൂന്നു തലമുറകളായി ഒരേ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഹോട്ടല്‍ അടുത്ത മാസം അടച്ചു പൂട്ടാന്‍ പോകുകയാണ്. അടച്ചു പൂട്ടല്‍ അവിടുത്തെ തൊഴിലാളികള്‍ക്കു മാത്രമല്ല നാട്ടുകാര്‍ക്കും സഞ്ചാരികള്‍ക്കും പോലും വേദനാജനകമാണെങ്കിലും ഈ ഹോട്ടല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാര്യത്തിനാണ്. ഇവിടുത്തെ താല്‍ക്കാലിക ജോലിയുണ്ടായിരുന്നൊരു ക്ലീനിങ് സ്റ്റാഫിനു കമ്പനി കൊടുക്കുന്ന നഷ്ടപരിഹാരത്തിന്റെ പേരില്‍. അമ്പത്തിരണ്ടു മാസത്തെ ശമ്പളമാണ് ഹൗസ് കീപ്പിങ് ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ചെന്‍ ജിന് ഫെങ്ങിന് ലഭിക്കുന്ന നഷ്ടപരിഹാരം.
ഇതിനൊരു കാരണമുണ്ട്. ഹോട്ടല്‍ കമ്പനിയുടെ നിയമപ്രകാരം തങ്ങളുടേതല്ലാത്ത കാരണം കൊണ്ടു പിരിച്ചുവിടപ്പെടുന്ന തൊഴിലാളിക്ക് പന്ത്രണ്ടു മാസത്തിന് ഒരു മാസത്തെ ശമ്പളം എന്ന നിരക്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. അതിനുള്ള അര്‍ഹത സ്ഥിരം തൊഴിലാളികള്‍ക്കു മാത്രമാണ്. ഇക്കണക്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കുന്നത് പത്തു വര്‍ഷം സേവനമനുഷ്ഠിച്ചൊരു തൊഴിലാളിക്കാണ്. പത്തു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി ഇയാള്‍ക്കു ലഭിക്കും. എന്നാല്‍ അതിനെയൊക്കെ ബഹുദൂരം പിന്നിലാക്കുന്ന നഷ്ടപരിഹാരമാണ് താല്‍ക്കാലിക ജീവനക്കാരിയായ ചെന്നിനു ലഭിക്കുക. കാരണം, ഇവര്‍ കഴിഞ്ഞ അമ്പത്തിരണ്ടു വര്‍ഷമായി ഹോട്ടലിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലുണ്ട്. ആണ്ടോടാണ്ട് കരാര്‍ പുതുക്കുന്നു, ്അവര്‍ സേവനത്തില്‍ തുടരുന്നു. ഒരിക്കല്‍ പോലും സ്ഥിര നിയമനം ഇവര്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നു മാത്രമല്ല ഹോട്ടല്‍ തുടങ്ങിയ ചീഫ് പ്രൊമോട്ടറുടെ മൂന്നാം തലമുറയില്‍ പെട്ടയാളാണ് ഇപ്പോഴത്തെ ഉടമസ്ഥന്‍. മൂന്നു തലമുറ മുതലാളിമാരെ സേവിച്ച ചരിത്രവും ഇവര്‍ക്കുണ്ട്. ഇതിനൊക്കെയുള്ള ആദരമായാണ് സ്ഥിരം തൊഴിലാളികള്‍ക്കു ലഭിക്കുന്ന അതേ നിരക്കില്‍ തന്നെ ഇവര്‍ക്കും നഷ്ടപരിഹാരം അനുവദിക്കാനുള്ള മാനേജ്‌മെന്റ് തീരുമാനം.
പതിനേഴാം വയസില്‍ ജോലിയില്‍ കയറിയ ചെന്നിന് ഇപ്പോള്‍ പ്രായം 69 വയസ്. ഇത്ര കനത്ത നഷ്ടപരിഹാരം വാര്‍ധക്യത്തില്‍ ലഭിച്ച് പിരിയുമ്പോഴും ചെന്നിന് ഒരു സങ്കടം ബാക്കി. എഴുപത്തഞ്ചാം വയസ് വരെ ഇവിടെ ജോലി ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനു സാധിക്കാതെ പോയല്ലോ എന്ന സങ്കടമാണ് സ്വന്തം കുടുംബത്തെക്കാള്‍ സ്ഥാപനത്തെ സ്‌നേഹിച്ച ഈ ജീവനക്കാരിക്ക്.
സിംഗപ്പൂരിലെ ഒരു ഹോട്ടല്‍ അടച്ചു പൂട്ടലില്‍ കരാര്‍ ജീവനക്കാരിയോടു ചെയ്തത് കണ്ടോ
