അമീബിക് മസ്തിഷ്‌ക ജ്വരം, ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ അഞ്ചായി ഉയര്‍ന്നു

കോഴിക്കോട്: കേരളത്തില്‍ ഒരുമാസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം കവരുന്ന മനുഷ്യജീവനുകളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശോഭന കൂടി മരിച്ചതോടെയാണിത്. മലപ്പുറം ജില്ലയില്‍ വണ്ടൂര്‍ സ്വദേശിനിയാണ് മരിച്ച ശോഭന. അമ്പത്താറു വയസായിരുന്നു. ഇപ്പോള്‍ പന്ത്രണ്ടു പേര്‍ കൂടിയാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിനു സംസ്ഥാനത്തു ചികിത്സയിലുള്ളത്. വിദേശത്തു നിന്നുള്‍പ്പെടെ മരുന്നെത്തിച്ച് രോഗികള്‍ക്കു നല്‍കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
രണ്ടു ദിവസം മുമ്പാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ ചികിത്സയിലിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷ് എന്ന യുവാവ് അമീബിക് മസ്തിഷ്‌ക ജ്വരം മൂര്‍ച്ഛിച്ച് മരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗബാധിതരെല്ലാം നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നു മാസം പ്രായമുള്ള കുഞ്ഞു മുതല്‍ മരിച്ചവരുടെ പട്ടികയിലുണ്ട്.
അഞ്ചു മരണം നടന്നു കഴിഞ്ഞിട്ടും രോഗബാധയ്ക്കിടയാക്കുന്ന അമീബയുടെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ ആരോഗ്യ വകുപ്പിനു കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സങ്കീര്‍ണതയുണ്ടെന്നാണ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. നെയ്‌ഗ്ലേരിയ ഫൗളേരി എന്ന വിഭാഗത്തില്‍ പെടുന്ന അമീബയാണ് മസ്തിഷ്‌കത്തെ ബാധിക്കുന്നതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ സാധാരണ ഗതിയില്‍ ഇതു ശരീരത്തില്‍ പ്രവേശിക്കുകയും മസ്തിഷ്‌കത്തിലെത്തുകയും ചെയ്യുന്നതിനു സാധ്യത കുറവാണ്. വിവിധ ജീവിത സാഹചര്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് രോഗബാധയുണ്ടായതാണ് അധികൃതരെ കുഴക്കുന്നത്. അതുപോലെ, ഒരു വീട്ടില്‍ ഒരാള്‍ക്കു മാത്രം രോഗമുണ്ടാകുകയും മറ്റുള്ളവര്‍ സുരക്ഷിതരായിരിക്കുകയും ചെയ്യുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്.