ജോര്‍ജിയ: അമേരിക്കയില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ അനധികൃത കുടിയേറ്റമൊഴിപ്പിക്കല്‍ റെയ്ഡിനു സാക്ഷിയായി ജോര്‍ജിയ സംസ്ഥാനം. ദക്ഷിണകൊറിയന്‍ കമ്പനികളായ ഹ്യുണ്ടായ്യും എല്‍.ജി. ഇലക്ട്രിക്കല്‍സും സംയുക്തമായി നടത്തുന്ന വൈദ്യുതവാഹന ബാറ്ററി പ്ലാന്റായ ജോര്‍ജിയയിലെ എല്ലാബെല്ലിലുള്ള ഹ്യുണ്ടായ് മെറ്റാപ്ലാന്റിലാണു റെയ്ഡ് നടന്നത്.
തെക്കുകിഴക്കന്‍ ജോര്‍ജിയയില്‍ സ്ഥിതിചെയ്യുന്ന പ്ലാന്റില്‍ നടന്ന റെയ്ഡില്‍ 475 അനധികൃതകുടിയേറ്റക്കാരാണ് അറസ്റ്റിലായത്. ഇവരില്‍ 300 കൊറിയന്‍ വശംജരും 23 മെക്‌സിക്കന്‍ വംശജരുമുള്‍പ്പെടും. മാസങ്ങളെടുത്ത് ആസൂത്രണംചെയ്താണ് റെയ്ഡ് നടപ്പിലാക്കിയത്. പ്ലാന്റിലേയ്ക്കുള്ള വഴികളെല്ലാമടച്ച് കനത്ത സുരക്ഷാവലയത്തിലായിരുന്നു റെയ്ഡ്്. ഇതില്‍ 500 സുരക്ഷാ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. റെയ്ഡിനെപ്പറ്റി അറിഞ്ഞതോടെ പരിഭ്രാന്തരായ തൊഴിലാളികളില്‍ ചിലര്‍ മാലിന്യക്കുളത്തിലേയ്ക്ക് ചാടിയപ്പോള്‍ മറ്റുചിലര്‍ എയര്‍കണ്ടീഷന്‍ ഡക്റ്റുകളില്‍ കയറിയൊളിക്കാനാണു ശ്രമിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ പിടിച്ച് ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി ചോദ്യംചെയ്യലാരംഭിച്ചു. അമേരിക്കയില്‍ തങ്ങാന്‍ നിയമപരമായ അനുമതിയുള്ളവരെ വിട്ടയച്ചശേഷം ബാക്കിയുള്ളവരെ കസ്റ്റഡിയിലെടുത്ത് സുരക്ഷിതകേന്ദത്തിലേയ്ക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
അമേരിക്കന്‍ ഫെഡറല്‍, സംസ്ഥാനതലങ്ങളിലുള്ള നിരവധി ഏജന്‍സികളുടെ ഏകോപനത്തിലൂടെ ആഴ്ചകളോളം വിവരങ്ങള്‍ ശേഖരിച്ചശേഷമായിരുന്നു റെയ്‌ഡെന്ന് അധികൃതര്‍ പറയുന്നു. ട്രംപ് ഭരണകൂടം നടത്തിയ അനധികൃതകുടിയേറ്റവേട്ടകളില്‍ ഇന്നുവരെയുള്ളതില്‍വച്ച് ഏറ്റവും വലുതായിരുന്നു ഈ ഓപ്പറേഷന്‍.
പിടിയിലായ ദക്ഷിണകൊറിയന്‍ തൊഴിലാളികളെ അവിടേയ്ക്കുതന്നെ തിരിച്ചയയ്ക്കാന്‍ ദക്ഷിണകൊറിയന്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങി അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും ഇവരെ മടക്കിയയയ്ക്കുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയായാലുടന്‍ ഇവരെകയറ്റിയയ്ക്കു്ന്നതിനായി വിമാനമയയ്ക്കുമെന്ന് ദക്ഷിണകൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.