അമേരിക്കയില്‍ സാമ്പത്തികമാന്ദ്യം ആസന്നമെന്ന് സാമ്പത്തികവിദഗ്ദ്ധന്‍ മാര്‍ക്ക് സാന്‍ഡിയുടെ പ്രവചനം. റേറ്റിങ്ങ് ഏജന്‍സിയായ മൂഡീസിലെ ചീഫ് ഇക്കണോമിസ്റ്റായി പ്രവര്‍ത്തിക്കുന്ന സാന്‍ഡി, 2008ലെ സാമ്പത്തികമാന്ദ്യം പ്രവചിച്ചതിലൂടെയാണ് ആദ്യം ശ്രദ്ധേയനായത്. ഇക്കുറി അദ്ദേഹത്തിന്റെ പ്രവചനം അമേരിക്ക ഉടന്‍ എത്താന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ച സംബന്ധിച്ചാണ്.
അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതും രാജ്യത്തെ മൊത്ത ഉത്പാദനത്തിന്റെ മൂന്നിലൊന്ന് സംഭാവനചെയ്യുന്നതുമായ സംസ്ഥാനങ്ങളുടെ വളര്‍ച്ച പടവലങ്ങപോലെ താഴേക്കാണെന്നും, മറ്റു സംസ്ഥാനങ്ങളും അതേ പാത പിന്തുടരാന്‍ പോകുന്നെന്നുമാണ് സാന്‍ഡി പ്രവചിക്കുന്നത്.
സാമൂഹികമാദ്ധ്യമ കുറിപ്പില്‍ സാന്‍ഡി പങ്കുവച്ച ഈ കുറിപ്പിന് ഏറെ പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. സാധനങ്ങള്‍ക്ക് വിലയുയരുകയും ജനങ്ങള്‍ക്ക് ജോലിസ്ഥിരത നഷ്ടപ്പെടുകയും ചെയ്യുന്നതിലൂടെ ഇത് എല്ലാ അമേരിക്കക്കാരെയും ബാധിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
അമേരിക്കന്‍ പണപ്പെരുപ്പനിരക്ക് നിലവിലെ 2.7 ശതമാനത്തില്‍നിന്ന് 4 ശതമാനംവരെ വളര്‍ന്നേക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷി കുറയ്ക്കാന്‍ ഇതുതന്നെ മതിയാകുമെങ്കിലും, ഇതോടൊപ്പം കൂനിന്മേല്‍ കുരുപോലെ തൊഴില്‍മേഖലയില്‍ അവസരങ്ങള്‍ കുറയുന്നതും കാണേണ്ടതുണ്ട്. ഇത് വളരെ ആശങ്കാജനകമാണ്. അമേരിക്കന്‍ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം മെയ്, ജൂണ്‍ മാസങ്ങളിലെ തൊഴിലുകളുടെ ഏകദേശ എണ്ണം 2,58,000 ആയി കുറച്ചിട്ടുണ്ട്. 2020ലെ കോവിഡ് മഹാമാരിമൂലമുണ്ടായ സാമ്പത്തികമാന്ദ്യത്തിനുശേഷം രേഖപ്പെടുത്തിയ മൂന്നുമാസത്തെ ഏറ്റവും താഴ്ന്ന റിക്രൂട്ട്‌മെന്റ് നിരക്കാണിത്. 2025ല്‍ പ്രതിമാസ ശരാശരി തൊഴില്‍വളര്‍ച്ച 85000 ആയി കുറഞ്ഞിട്ടുണ്ട്. കോവിഡിനുമുന്‍പുണ്ടായിരുന്ന 1,77,000ത്തേക്കാല്‍ വളരെക്കുറവാണിത്. ചുരുക്കിപ്പറഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ചെലവുചെയ്യാനുള്ള കഴിവിലെ ഇടിവും, താരിഫുകളും, പണപ്പെരുപ്പവും, ഭവനവിപണിയിലെ പ്രതിസന്ധികളും അക്കൂടെച്ചേരുന്ന തൊഴില്‍രംഗത്തെ അസ്ഥിരതകളും വിലക്കയറ്റവും എല്ലാംകൂടി അമേരിക്കക്കാരെ വല്ലാതെ ഞെരുക്കുമെന്നാണു പ്രവചനം.
2008ലെ സാമ്പത്തികപ്രതിസന്ധിക്കുശേഷമുണ്ടാകുന്ന ഉപഭോക്തൃചെലവിലെ ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയാണിന്നത്തേത്. ആളുകള്‍ പണം ചെലവഴിക്കുന്നതു കുറയുന്നതനുസരിച്ച് കമ്പനികളുടെ വരവും താഴേക്കുവീഴുകയും അതുമൂലം സാമ്പത്തികപ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയും ചെയ്യും.
അമേരിക്കന്‍ ഭവനവിപണിയാണ് തുടര്‍ച്ചയായി പ്രതിന്ധികള്‍ നേരിടുന്ന മറ്റൊരു രംഗം. വീടുകള്‍ വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും ഇതൊരുപോലെ ബാധിക്കും. അതേസമയം വാഷിങ്ങ്ടണ്‍ ഡി.സി. മുതലായ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ജോലികള്‍ വെട്ടിക്കുറച്ചതും പ്രതിസന്ധിക്ക് ആക്കംകൂട്ടുന്നു.
ഈ കഠിനപ്രതിസന്ധിയിലും കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് മുതലായ വന്‍സാമ്പത്തികശക്തികളായ സംസ്ഥാനങ്ങള്‍ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും മറ്റനവധി സംസ്ഥാനങ്ങളുടെ നില വളരെ പരുങ്ങലിലാണെന്നാണ് മുന്നറിയിപ്പ്. റിപ്പോര്‍ട്ടുകള്‍പ്രകാരം വയോമിങ്ങ്, മൊണ്ടാന, കന്‍സാസ്, മിസിസിപ്പി, മിനെസോട്ട, മസാച്യുസെറ്റ്‌സ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മാന്ദ്യത്തിന്റെ പാതയിലാണ്. മേല്‍പ്പറഞ്ഞ ഘടകങ്ങളെല്ലാം ഒത്തുചേര്‍ന്നാല്‍ രാജ്യം ഗുരുതരമായ സാമ്പത്തികമാന്ദ്യത്തിലേയ്ക്കു വീണുപോയേക്കാമെന്നാണ് പ്രവചനം.
അമേരിക്ക വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന പ്രവചനവുമായി മാര്‍ക്ക് സാന്‍ഡി
