കൊച്ചി: ഇതൊരു പുതിയ ട്രെന്‍ഡിന്റെ തുടക്കമായി മാറുന്ന ലക്ഷണമാണെങ്ങും. താലിക്കു മാത്രം പൊന്ന് എന്ന പുതിയ ട്രെന്‍ഡിനു കേരളത്തില്‍ തുടക്കമാകുകയാണോ. നൂറു പവനും ഒരു കിലോ സ്വര്‍ണവുമൊക്കെ ചാര്‍ത്തി കതിര്മണ്ഡപത്തിലേക്കു കയറുന്ന പെണ്ണിനെ ഇപ്പോള്‍ കണ്ടെത്തുകയാണ് വിഷമം. ഇക്കൊല്ലത്തെ കല്യാണസീസണ്‍ ചിങ്ങത്തോടെ പിറന്നപ്പോള്‍ നാരുപോലൊരു മാലയണിഞ്ഞ് വിവാഹവേദിയിലേക്കു വന്നെത്തുന്ന പെണ്ണുമുതല് എട്ടോ പത്തോ പവനില്‍ ആഭരണങ്ങള്‍ ആകെയൊതുക്കുന്ന പെണ്ണുവരെയാണ് ഇപ്പോള്‍ മിക്കയിടത്തും കാഴ്ച. ആരെങ്കിലും കാതും കഴുത്തും കൈയും നിറയെ ചാര്‍ത്തിക്കൊണ്ടു കതിര്മണ്ഡപത്തിലേക്കു കയറുന്നുവെങ്കില്‍ അതുപോലും പരിഹാസമേയുണര്ത്തുന്നുള്ളൂ. അല്ലെങ്കില്‍ തന്ന പുരനിറഞ്ഞു നില്ക്കുന്ന പുരുഷന്മാരുടെ നാടായി മാറുന്ന കേരളത്തില്‍ വന്‍തോതില്‍ പൊന്നിനു കണക്കുപറയാന്‍ ആണ്കൂട്ടര്ക്കും ധൈര്യം വരാറില്ല.
പൊന്നിന്റെ ദിനംപ്രതി കുതിച്ചുയരുന്ന വിലയാണ് ഈ അവസ്ഥ വരുത്തുന്നതെന്നു നിസംശയം പറയാം. ശനിയാഴ്ചത്തെ ട്രെന്‍ഡ് വച്ചാണെങ്കില്‍ ഇന്ന് കേരളത്തിലെ സ്വര്‍ണവില പവന് 80000 രൂപയെന്ന സര്‍വകാല റെക്കോഡിലെത്തും. പണിക്കൂലിയും മറ്റും ചേരുമ്പോള്‍ ഒരു പവന് 85000 രൂപയ്ക്കു മേല്‍ വിലയാകും. ആവശ്യക്കാര്‍ തീരെ കുറയുന്നതിനാല്‍ ചെറുകിട സ്വര്ണക്കടകളൊക്കെ പൂട്ടിപ്പൊയ്ക്കൊണ്ടിരിക്കുകയാണ്. വന്‍കിട കടക്കാര് പോലും പേരിനൊരു പരസ്യം പോലും പത്രങ്ങള്ക്കെന്ന ഉത്സവക്കമ്മിറ്റിയുടെ നോട്ടീസുകള്‍ക്കു പോലും കൊടുക്കുന്നതുമില്ല.
ശനിയാഴ്ച ഒരു ദിവസം കൊണ്ട് ഒരു പവന് പൊന്നിനു കൂടിയത് 640 രൂപയായിരുന്നു. ഇതോടെ എട്ടുഗ്രാം അഥവാ ഒരു പവന്റെ വില 79560 രൂപയായി ഉയര്‍ന്നു. സെപ്റ്റംബര്‍ ഒന്നിനും ആറിനുമിടയിലുള്ള ഒരാഴ്ച കൊണ്ടു മാത്രം കൂടിയത് പവനു രണ്ടായിരം രൂപ. ഇക്കൊല്ലം ജനുവരി 22നായിരുന്നു ഒരു പവന്റെ വില ആദ്യമായി 60000 രൂപയിലെത്തുന്നത്. എട്ടുമാസം കൊണ്ട് ഇരുപതിനായിരത്തോളം രൂപയുടെ വര്‍ധന ഒരു പവന് ഉണ്ടായിരിക്കുന്നു. കഴിഞ്ഞ ആറു വര്‍ഷത്തെ കണക്കെടുത്താല്‍ ഒരു പവന് 200 ശതമാനമാണ് വിലവര്‍ധന. റഷ്യ-യുക്രെയ്ന് യുദ്ധമാണ് ഈ വര്‍ധനയ്ക്കു പിന്നിലെ കാരണമെന്നാണ് പൊതുവേ പറയപ്പെടുന്നത്. യുദ്ധം അവസാനിക്കാതെ തുടരുന്നതോടെ വിവിധ കേന്ദ്രബാങ്കുകള്‍ക്കിടയില്‍ തന്ത്രപരമായ ആസ്തി എന്ന നിലയില്‍ സ്വര്‍ണത്തിനു സ്വീകാര്യതയും ആവശ്യകതയും ഏറുകയായിരുന്നത്രേ. അതിന്റെ ഫലമാണ് അടിക്കടിയുള്ള വിലവര്‍ധന എന്നാണ് പറയപ്പെടുന്നത്.
കതിര് മണ്ഡപങ്ങള്‍ മാറുകയാണു കേട്ടോ, കേരളത്തിന്റെ പുതിയ ട്രെന്‍ഡ് ഇതാകാനും മതി
