സിഡ്നി: ചോരച്ചുവപ്പില്‍ ചന്ദ്രനെ കാണാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി മാത്രം. ഇന്നു രാത്രിയും നാളെ രാത്രിയും മാനത്ത് ചന്ദ്രനെ കാണുക ചുവന്ന നിറത്തിലായിരിക്കും. പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന്റെ ഭാഗമായി ചന്ദ്രന്റെ നിറം മാറിയുള്ള രൂപം ഓസ്ട്രേലിയയില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും നന്നായി കാണാനാവും. ഇത്തരം ചന്ദ്രഗ്രഹണത്തെ വിളിക്കുന്നത് ബ്ലഡ് മൂണ്‍ അഥവാ ചോരച്ചന്ദ്രന് എന്നു തന്നെയാണ്. ഗ്രഹണം കഴിഞ്ഞാലും ഈ സീസണില്‍ എപ്പോഴും ചന്ദ്രന് ചുവപ്പുരാശി കൂടുതല്‍ തന്നെയായിരിക്കും. ഈ സമയത്ത് ചന്ദ്രന്റെ സഞ്ചാരപഥം ഭൂമിയോട് ഏറ്റവും അടുത്തു വരിക കൂടി ചെയ്യുന്നതിനാല്‍ പതിവിലും വലുപ്പത്തില്‍ കൂടിയായിരിക്കും ചന്ദ്രനെ കാണാനാവുക.
ഓസ്ട്രേലിയയുടെ ഏതു ഭാഗത്തും ചോരച്ചന്ദ്രനെ കാണാനാവുമെന്ന പ്രത്യേകതയും ഇത്തവണത്തെ ഗ്രഹണത്തിനുണ്ട്. അതുപോലെ ആഫ്രിക്ക, ഇന്ത്യ, ചൈന, പടിഞ്ഞാറന്‍ യൂറോപ്പിന്റെ ഏതാനും ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ചോരച്ചന്ദ്രനെ കാണാനാവും. എങ്കില്‍ കൂടി ഏറ്റവും നന്നായി കാണാനാവുക അന്തരീക്ഷ മലിനീകരണം കുറഞ്ഞയിടങ്ങളിലെ ഉയരം കൂടിയ പ്രദേശങ്ങളില്‍ നിന്നു നോക്കുമ്പോഴാണ്. നഗ്ന നേത്രങ്ങള്‍ കൊണ്ടു തന്നെ നോക്കുകയും ചെയ്യാം.
രക്ത ചന്ദ്രന്റെ ഏറ്റവും നല്ല ദൃശ്യം ലഭിക്കുന്നത് തിങ്കളാഴ്ച പുലര്‍ച്ചെയുള്ള 82 മിനിറ്റുകളിലാണ്. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബേന്‍, കാന്‍ബറ, ഹോബാര്‍ട്ട് എന്നിവിടങ്ങളില്‍ പുലര്‍ച്ചെ മൂന്നര മുതലും അഡലെയ്ഡ്, ഡാര്വിന് തുടങ്ങിയ സ്ഥലങ്ങളില്‍ പുലര്‍ച്ചെ മൂന്നു മുതലും പുലര്‍ച്ചെ ഒന്നര മുതലും ചുവന്ന ചന്ദ്രനെ നന്നായി കാണാനാവും,. എന്നാല്‍ ഗ്രഹണത്തിലകപ്പെടുന്ന ചന്ദ്രന് പൂര്‍ണമായി ഭൂമിയുടെ നിഴലിലാകുന്നത് കാണണെങ്കില് കുറേക്കൂടി നേരത്തെ ആകാശത്ത് നോക്കണം. ഇതു കാണുന്നതിനുള്ള സമയം ഇങ്ങനെയാണ്.
സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബേന്‍, കാന്‍ബറ, ഹോബാര്‍ട്ട്-പുലര്‍ച്ചെ 4.11
അഡലെയ്ഡ്, ഡാര്വിന്-പുലര്‍ച്ചെ 3.41
പെര്‍ത്ത്-പുലര്‍ച്ചെ 2.11
സൂര്യനും ചന്ദ്രനുമിടയില്‍ ഒത്ത നടുവിലായി ഭൂമി വരുന്ന സമയത്തെയാണ് പൂര്‍ണ ചന്ദ്രഗ്രഹണമെന്നു വിളിക്കുന്നത്. ഈ സമയത്ത് ചന്ദ്രന് പൂര്‍ണമായി ഭൂമിയുടെ നിഴലിലായിരിക്കും വരിക. അതുകൊണ്ട് ആ സമയത്ത് സൂര്യന്റെ പ്രകാശ രശ്മികള്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ പതിക്കുകയേയില്ല. അപ്പോള്‍ ചന്ദ്രനെ ഭൂമിയില്‍ നിന്നു കാണാനാവുകയുമില്ല. എന്നാല്‍ കൂടി ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നു പോകുന്ന സൂര്യരശ്മികള്‍ക്ക് ഒരു ചെരിവുണ്ടാകുന്നതിനാല് അവ ചെരിഞ്ഞായിരിക്കും ഗ്രഹണശേഷം ചന്ദ്രനില്‍ പതിക്കുക. ഇതിന്റെ ഫലമായി ചന്ദ്രപ്രതലത്തിന് ഒരു ചുവപ്പുരാശി പടരുന്നാതായി ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ അനുഭവപ്പെടും. ഇതിനെയാണ് ചോരച്ചന്ദ്രന് എന്നു പണ്ടുമുതലേ വിളിച്ചു പോരുന്നത്.
തിങ്കള്‍ പുലര്‍ച്ചെ പൂര്‍ണ ചന്ദ്രഗ്രഹണം, അതുകഴിഞ്ഞാല്‍ കണ്ണിനു വിരുന്നായി ചോരച്ചന്ദ്രന്

