നഴ്‌സിങ് മേഖലയിലാകെ വര്‍ണവെറി, ആരും അക്കാര്യം ശ്രദ്ധിക്കുന്നില്ലെന്നു മാത്രം

ലൗനെസ്സ് സിട്‌സി മൗവ നഴ്‌സായി ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ ആദ്യജോലിയില്‍ പ്രവേശിച്ചയുടനെ ഒരു സഹപ്രവര്‍ത്തക അവര്‍ക്കു നല്‍കിയ മുന്നറിയിപ്പിതാണ്: ‘ഇവിടെ ജോലിയില്‍ പുരോഗമിക്കണമെങ്കില്‍ നീ ചെറുപ്പമായിരിക്കണം, വെള്ളക്കാരിയായിരിക്കണം, സുന്ദരിയായിരിക്കണം’. അന്നു തനിക്ക് അതിനെപ്പറ്റി അധികമൊന്നും മനസ്സിലായില്ലെന്നാണ് സിംബാബ്വെയില്‍ ജനിച്ച് ഓസ്‌ട്രേലിയയില്‍ വിദഗ്ദ്ധതൊഴിലാളിയുടെ വിസയില്‍ എത്തിച്ചേര്‍ന്ന മൗവ പറയുന്നത്. എന്നാല്‍ അനുഭവങ്ങള്‍ പിന്നീട് പഠിപ്പിച്ചത് ഇക്കാര്യം തന്നെയാണെന്ന് അവര്‍ പറയുന്നു. പിന്നീട് ജോലിയില്‍ ഉയര്‍ച്ചയ്ക്ക് പരിശ്രമിച്ച പത്തുവര്‍ഷത്തിലൊരിക്കല്‍ പോലും അവസാനറൗണ്ട് കടന്നില്ല. ഒരിക്കല്‍ പല കടമ്പകള്‍ കടന്നിട്ടും മാറിപ്പോയി. അപ്പോഴൊക്കെയും സീനിയര്‍ പറഞ്ഞ അതേരീതിയില്‍ തന്നെയായിരുന്നു കാര്യങ്ങളുടെ പോക്ക്.
സഹപ്രവര്‍ത്തകരില്‍നിന്നുപോലും നേരിട്ട വര്‍ണ്ണവിവേചനത്തില്‍ മനംനൊന്ത് ഒടുവില്‍ മുഴുവന്‍സമയ നഴ്‌സിങ്ങ് ജോലിയില്‍നിന്നുതന്നെ മൗവയ്ക്ക് വിട്ടുനില്‍ക്കേണ്ടതായിവന്നു. തൊഴില്‍ദൗര്‍ലഭ്യം നേരിടുന്ന ഒരു അതിപ്രധാനമേഖലയെന്ന നിലയില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍തന്നെ നഴ്‌സുമാരെ വിദഗ്ദ്ധതൊഴിലാളി വിസ കൊടുത്ത് ആകര്‍ഷിക്കാന്‍ ശ്രമിക്കവേയാണ് ഈ അനുഭവം. തന്റെ ഇരുപതുവര്‍ഷത്തെ ജോലിക്കിടയില്‍ നഴ്‌സിങ്ങ് മേഖലയിലെ വിവിധ വംശങ്ങളില്‍നിന്നുമുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും ജോലിയില്‍ വളരുന്നത് ആദ്യം പറയപ്പെട്ട ആ മൂന്നു വിഭാഗങ്ങളില്‍ പെട്ടവര്‍ മാത്രമായിരുന്നു.എന്‍എസ്ഡബ്ല്യു നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് അസോസിയേഷന്റെ അടുത്തിടെയിറങ്ങിയ ഒരു റിപ്പോര്‍ട്ടുപ്രകാരം, ഇതരവംശങ്ങളില്‍പ്പെട്ട നഴ്‌സിങ്ങ് ജീവനക്കാരില്‍ മൂന്നില്‍ രണ്ടുപേരും വംശീയാധിക്ഷേപവും വര്‍ണ്ണവിവേചനവും അനുഭവിച്ചിട്ടുണ്ടെന്നാണു കണക്ക്. മൂവായിരത്തില്‍പ്പരം തൊഴിലാളികള്‍ പങ്കെടുത്ത സര്‍വേയില്‍ 64 ശതമാനംപേരും സഹപ്രവര്‍ത്തകരുടെയോ രോഗികളുടെയോ അടുത്തുനിന്ന് നേരിട്ടു വര്‍ണ്ണവിവേചനം അനുഭവിച്ചതായി പറയുന്നു. തൊഴില്‍സ്ഥാപനങ്ങളിലെ വര്‍ണ്ണവിവേചനത്തിനെതിരേ അത്യാവശ്യമായി നടപടിയെടുക്കാനും, പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിനുള്ള പോളിസികളില്‍ വ്യക്തതവരുത്താനും അതിനുതകുന്ന പരിശീലനം നല്‍കാനും, ഇങ്ങനെ വര്‍ണ്ണവിവേചനത്തിനെതിരായുള്ള പരിശീലനം നടപ്പാക്കുന്നതിന്റെ ഫലങ്ങള്‍ നിരിക്ഷിക്കപ്പെടാനും സംവിധാനമൊരുക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഇതിന്റെ അടുത്തപടി വര്‍ണ്ണവിവേചനം നേരിടുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള ഒരു കൂടിയാലോചനായോഗം നടത്തുന്നതാണ്.
ഇക്കാര്യത്തില്‍ പുരോഗതിയുറപ്പാക്കാനായി തങ്ങളുടെ യൂണിയന്‍ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷതവഹിക്കുന്ന, സര്‍ക്കാരിനും തൊഴില്‍ദാതാക്കള്‍ക്കും യൂണിയനും സന്ധദ്ധസംഘടനകള്‍ക്കും ഇക്കാര്യത്തില്‍ ഭാഗഭാക്കുകളായ മറ്റെല്ലാ കക്ഷികള്‍ക്കും പ്രാതിനിധ്യമുള്ള ഒരു പാര്‍ട്ട്ണര്‍ഷിപ്പ് തുടങ്ങിയിട്ടുണ്ടെന്ന് എന്‍എസ്ഡബ്ല്യുനഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷേയ് കാന്‍ഡിഷ് പറഞ്ഞു. വര്‍ണ്ണവിവേചനം ഒരു ദുഷിച്ച പ്രശ്‌നമാണെങ്കിലും പല മാനങ്ങളും തലങ്ങളുമുള്ള സങ്കീര്‍ണ്ണമായൊരു പ്രശ്‌നമാണത്, അതിനാല്‍ത്തന്നെ അതിനൊരു എളുപ്പപരിഹാരമില്ലെന്നും, അതിനായി യാതൊരു സംഘടനയ്ക്കും ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും, അതില്ലായ്മചെയ്യാന്‍ സംഘടനകളുടെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലും കൈകോര്‍ക്കലും അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ണ്ണവിവേചനം ആളുകളെ അക്ഷരാര്‍ത്ഥത്തില്‍ രോഗികളാക്കുന്നതാണെന്നും, അതൊരു പൊതുജനാരോഗ്യഭീഷണിയാണെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും അത് എത്രയുംവേഗം ദൂരീകരിക്കപ്പെടണമെന്നും വര്‍ണ്ണവിവേചനനിവാരണ കമ്മീഷണര്‍ ഗിരിധരന്‍ ശിവരാമന്‍ പറഞ്ഞു. വര്‍ണ്ണവിവേചനം രോഗികളെ ചികിത്സനേടാതെ തടയുകയും രോഗം വഷളാക്കുന്നതിനുവരെ കാരണമാകുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താനൊരു ദേശീയതല വര്‍ണ്ണവിവേചനനിവാരണ പദ്ധതി കഴിഞ്ഞവര്‍ഷംതന്നെ തയ്യാറാക്കിയിരുന്നെന്നും, എന്നാല്‍ സര്‍ക്കാരുകള്‍ അതു നടപ്പില്‍വരുത്തിക്കണ്ടില്ലെന്നുമുള്ള ശക്തമായ ആരോപണം അദ്ദേഹമുന്നയിച്ചു.
വര്‍ണ്ണവിവേചനത്തിനെതിരേ സുശക്തമായ നയങ്ങള്‍ നിലവിലുള്ളപ്പോഴും അവ പ്രാവര്‍ത്തികമാകാന്‍ വ്യക്തിഗതതലത്തില്‍ എല്ലാവരും കൈകോര്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് ന്യൂസൗത്ത് വെയില്‍സ് ആരോഗ്യവകുപ്പുമന്ത്രി റയാന്‍ പാര്‍ക്ക് പറയുന്നു. നമ്മുടെ സാമൂഹികക്രമത്തില്‍ സാംസ്‌കാരികമായി ആളുകള്‍ക്ക് സുരക്ഷിതത്വമനുഭവപ്പെട്ടില്ലെങ്കില്‍ ആരോഗ്യരംഗത്തുതന്നെ തിരിച്ചടികളുണ്ടാവുമെന്ന് പാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്നു. വര്‍ണ്ണവെറി വെറും ദുഷിപ്പുമാത്രമല്ല, അതുമൂലം ആരോഗ്യവകുപ്പിലെ തൊഴിലാളികള്‍ക്കും, രോഗികള്‍ക്കും, ഗുരുതരപ്രത്യാഖ്യാതങ്ങളുണ്ടാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നു.
എന്തൊക്കെയാണെങ്കിലും, ഇതരവര്‍ണ്ണങ്ങളും സംസ്‌കാരങ്ങളുമുള്ള നാനാതരം മനുഷ്യരെ താന്താങ്ങളുടെ തൊഴിലിടങ്ങളില്‍ മുന്നേറുന്നതു തടയാതിരിക്കലാണ് വര്‍ണ്ണവിവേചനമില്ലാതാക്കാന്‍ ഏറ്റവുമാദ്യം ചെയ്യേണ്ടതെന്നാണ് മൗവയുടെ പക്ഷം. ഞങ്ങള്‍ വെറും പണിക്കാരായി തുടരുമ്പോള്‍ എല്ലാവരും സന്തുഷ്ടരാണ്, പക്ഷേ സീനിയര്‍തലത്തിലേയ്‌ക്കോ മാനേജ്‌മെന്റ് തലങ്ങളിലേയ്‌ക്കോ വളരുന്നത് അവര്‍ക്കു സഹിക്കാനാവില്ല എന്നവര്‍ ആരോപിക്കുന്നു.