മൃഗസ്‌നേഹം കൂടി നടുറോഡിലിറങ്ങിയ നേപ്പാളി നഴ്‌സുമാര്‍ക്ക് കാറിടിച്ച് മരണം

മെല്‍ബണ്‍: വണ്ടിയിടിച്ചു വീണ മൃഗങ്ങളോടു കരുണ കാട്ടാന്‍ രാത്രിയില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ നേപ്പാളികളായ രണ്ടു നഴ്‌സുമാര്‍ക്ക് മറ്റൊരു വണ്ടിയിടിച്ച് ദാരുണാന്ത്യം. സരള ഘട്ക, അരീസ സുവാല്‍ എന്നാണ് മരിച്ചവരുടെ പേരുകളെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും മെല്‍ബണിലെ ആല്‍ഫ്രഡ് ഹോസ്പിറ്റലിലെ നഴ്‌സുമാരാണ്. ഒരാള്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചപ്പോള്‍ മറ്റേയാള്‍ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് അന്ത്യശ്വാസം വലിച്ചത്. പതിനാലു വര്‍ഷമായി ഉറ്റ ചങ്ങാതിമാരായിരുന്നു ഇവര്‍ രണ്ടു പേരും.
വെള്ളിയാഴ്ച രാത്രി ഇവര്‍ വടക്കന്‍ മെല്‍ബണില്‍ ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോള്‍ ഇവരുടെ വണ്ടിയിടിച്ച് ഒരു കംഗാരു തെറിച്ചു വീണു. ഇതിനെ എഴുന്നേല്‍പ്പിക്കാനാവുമോയെന്നു നോക്കാനായി ഇരുവരും കാര്‍ നിര്‍ത്തി പുറത്തിറങ്ങി മൃഗത്തിനരികിലേക്കു പോകുമ്പോഴാണ് മറ്റൊരു കാര്‍ ഇവരെ രണ്ടുപേരെയും ഇടിച്ചു തെറിപ്പിക്കുന്നത്. രണ്ടാമതു അമിതവേഗതയില്‍ വന്ന കാറിന് ഇരുളില്‍ ഇവരുടെ കാര്‍ കാണാനായത് തൊട്ടടുത്തെത്തിയപ്പോഴാണ്. അതുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി വെട്ടിച്ചു മാറ്റുമ്പോള്‍ ഇരുളിലേക്കു നടക്കുകയായിരുന്ന നഴ്‌സുമാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ കാര്‍ ഓടിച്ചിരുന്നയാള്‍ തന്നെയാണ് വണ്ടി നിര്‍ത്തി പുറത്തിറങ്ങിയതും പോലീസിനെ വിളിച്ചുവരുത്തിയതും. രണ്ടുപേരെയും അപകട സ്ഥലത്തു നിന്നു മാറ്റുന്നതു വരെ ഇയാള്‍ എല്ലാകാര്യത്തിനും സഹായമായി ഒപ്പമുണ്ടായിരുന്നു.
ഹൈസ്പീഡ് റോഡുകളില്‍ ഇരുട്ടില്‍ വാഹനം റോഡില്‍ നിര്‍ത്തിവയ്ക്കുന്നത് എല്ലാവരും ഒഴിവാക്കണമെന്ന് ഇവരുടെ മരണവാര്‍ത്ത വെളിപ്പെടുത്തിക്കൊണ്ട് റോഡ് പോലീസിങ് അസിസ്റ്റന്റ് കമ്മീഷണര്‍ ഗ്ലെന്‍ വെയര്‍ പറഞ്ഞു.