ബേബി ഫുഡുകള്‍ വലിയവായില്‍ പറയുന്നവയിലേറെയും ഇല്ലാക്കഥകളെന്നു ഗവേഷകര്‍

ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള ഭക്ഷണങ്ങളായി ഏറെ പരസ്യങ്ങളുടെ പിന്തുണയോടെ അവതരിപ്പിക്കപ്പെടുന്ന മിക്ക ഭക്ഷണങ്ങളും അവയുടെ നിര്‍മാതാക്കള്‍ പറയുന്ന യാതൊരു ഗുണമേന്മയുമില്ലാത്തതാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. പഴങ്ങളുടെ പടം കാണിച്ചിരിക്കുന്ന ബേബി ഫുഡുകളില്‍ കാര്യമായ തോതില്‍ പഴങ്ങളോ പച്ചക്കറികളുടെ പടം കാണിച്ചിരിക്കുന്ന് ശിശുഭക്ഷണങ്ങളില്‍ കാര്യമായ തോതില്‍ പച്ചക്കറികളോ ഇല്ലെന്ന കണ്ടെത്തലാണ് ഗവേഷകര്‍ പുറത്തു വിടുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ഓക്ലാന്‍ഡിലെ സീനിയര്‍ ലക്ചറര്‍ സാലി മാക്കേയുടെയും യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണിലെ ഹെല്‍ത്ത് സയന്‍സസ് വിഭാഗം സീനിയര്‍ ഫെലോ ജെയ്ന്‍ മാര്‍ട്ടിന്റെയും നേതൃത്വത്തിലുള്ള ഗവേഷണങ്ങളിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
ഇപ്പോള്‍ മാര്‍ക്കറ്റില്‍ ടിന്നിലച്ച് വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്ന 210 ബേബി ഫുഡുകളാണ് ഇവര്‍ പഠനത്തിനുപയോഗിച്ചത്. ഇവയിലൊക്കെ പരസ്യങ്ങളും യഥാര്‍ഥത്തില്‍ ഉള്ളിലടങ്ങിയിരിക്കുന്ന കാര്യങ്ങളും തമ്മില്‍ വളരെ നേരിയ ബന്ധം മാത്രമാണുള്ളതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പരസ്യവാചകം കൃത്രിമമായി പ്രിയമുണ്ടാക്കുന്ന അഡിറ്റീവുകള്‍ ഇല്ലാത്തതെന്നും കൃത്രിമ നിറങ്ങളില്ലാത്തതെന്നുമാണ്. എന്നാല്‍ ഇവയിലൊക്കെ വളരെ കൂടിയ തോതില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അഡിറ്റീവുകള്‍ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് പഞ്ചസാരയെന്ന കാര്യം ഉല്‍പാദകര്‍ മറച്ചു വയ്ക്കുന്നു. നിറങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ.
ഇവര്‍ പഠനവിധേയമാക്കിയ 60 ശതമാനം ഭക്ഷണങ്ങളും അവയുടെ പുറത്ത് പഴങ്ങളുടെ ചിത്രവും 40 ശതമാനം ഭക്ഷണങ്ങള്‍ ടിന്നിനു പുറത്ത് പച്ചക്കറികളുടെ ചിത്രവും നല്‍കിയാണ് വിപണിയിലെത്തിക്കുന്നത്. എന്നാല്‍ പഴങ്ങളുടെ പടം നല്‍കിയിരിക്കുന്നവയില്‍ പേരിന് മാത്രം പഴച്ചാറും പച്ചക്കറികളുടെ ചിത്രം നല്‍കിയിരിക്കുന്നവയില്‍ പേരിനു മാത്രം പച്ചക്കറി സത്തോ കുഴമ്പോ മാത്രവുമാണുള്ളത്. ചിലതിലാകട്ടെ പഴങ്ങളുടെ മധുരം മാത്രം സംസ്‌കരിച്ചെടുത്ത് ചേര്‍ത്തിരിക്കുകയാണ്. ഇവ പോലും അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണുള്ളത്. ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.