അമിത് ക്ഷത്രിയ നാസയുടെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍

വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ വംശജന്‍ അമിത് ക്ഷത്രിയ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ഏറ്റവുമുയര്‍ന്ന സിവില്‍ സര്‍വീസ് പദവിയായ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തു നിയമിതനായി. ഇതുസംബന്ധിച്ച പ്രഖ്യാപനം സെപ്റ്റംബര്‍ നാലിന് ആക്ടിങ്ങ് അഡ്മിനിസ്‌ട്രേറ്റര്‍ ഷോണ്‍ പി. ഡഫിയാണ് നടത്തിയത്.
ഇന്ത്യന്‍ വംശജനെങ്കിലും അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ ജനിച്ച ക്ഷത്രിയ 20 വര്‍ഷം നാസയില്‍ സ്തുത്യര്‍ഹസേവനം നടത്തിയതിന്റെ ഫലമാണ് ഈ നിയമനം. കാലിഫോര്‍ണിയ സാങ്കേതിക സര്‍വ്വകലാശാലയിലും ഓസ്റ്റിനിലെ ടെക്‌സസ് സര്‍വ്വകലാശാലയിലും പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഇതിനുമുന്‍പ് വാഷിങ്ടണിലെ നാസ ആസ്ഥാനത്തുള്ള ‘എക്‌സ്‌പ്ലൊറേഷന്‍ സിസ്റ്റംസ് ഡെവലപ്‌മെന്റ് മിഷന്‍’ സമിതിക്കുകീഴില്‍ ‘മൂണ്‍ ടു മാഴ്‌സ്’ പദ്ധതിയുടെ അമരക്കാരിലൊരാളായിരുന്നു. മനുഷ്യരാശിയുടെ ചൊവ്വയിലേയ്ക്കുള്ള ആദ്യ കാല്‍വയ്പിനു വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി, ചന്ദ്രനിലേയ്ക്കുള്ള പര്യവേഷണദൗത്യങ്ങള്‍ പുനരാരംഭിക്കാനുള്ള ‘ആര്‍ട്ടെമിസ് ക്യാംപെയ്ന്‍’ പദ്ധതിക്കും അദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു. നാസയുടെ ചരിത്രത്തില്‍ത്തന്നെ ‘മിഷന്‍ കണ്ട്രോള്‍ ഫ്‌ലൈറ്റ് ഡയറക്ടര്‍’ സ്ഥാനത്തു സേവനമനുഷ്ഠിച്ച നൂറുപേരില്‍ ഒരാളായ ഇദ്ദേഹത്തിന്റെ പ്രവൃത്തിപരിചയവും തന്ത്രപ്രധാനമായ സ്ഥാനങ്ങളലങ്കരിച്ച പശ്ചാത്തലവും നാസയ്ക്കു മുതല്‍ക്കൂട്ടാവുമെന്ന് നാസ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.
ക്ഷത്രിയയുടെ നിയമനം അറിയിച്ചുകൊണ്ടുള്ള സന്ദേശത്തില്‍, അദ്ദേഹത്തിന്റെ ഇരുപതുവര്‍ഷത്തെ സ്തുത്യര്‍ഹസേവനത്തെ ഷോണ്‍ ഡഫി പ്രശംസിച്ചു. ക്ഷത്രിയയുടെ നേതൃത്വത്തില്‍ ട്രംപ് പ്രസിഡന്റായിരിക്കെത്തന്നെ ചാന്ദ്രപര്യവേക്ഷണത്തിലേയ്ക്കു സുശക്തമായി തിരിച്ചെത്താനുള്ള പദ്ധതികള്‍ക്കു നാസ രൂപംനല്‍കുമെന്നുള്ള പ്രത്യാശയും ഷോണ്‍ ഡഫി പങ്കുവച്ചു.
അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്ററായുള്ള ക്ഷത്രിയയുടെ നിയമനം നാസയുടെ ദീര്‍ഘകാല വാണിജ്യപദ്ധതികളുടെയും, തങ്ങളുടെ പദ്ധതികളില്‍ സ്വകാര്യപങ്കാളിത്തം വളര്‍ത്തുന്നതിന്റെയും ലക്ഷണമായി സൂചിപ്പിക്കപ്പെടുന്നു. അമേരിക്കന്‍ സാമ്പത്തികഭദ്രതയുടെ ആണിക്കല്ലായി ബഹിരാകാശവ്യവസായം മാറ്റണമെന്ന് അധികൃതര്‍ ദീര്‍ഘവീക്ഷണപരമായി ചിന്തിക്കുന്നുവെന്നും, അതിനായി സ്വകാര്യപങ്കാളിത്തം ഉറപ്പാക്കുന്നതിന് ചുക്കാന്‍പിടിക്കാന്‍ ക്ഷത്രിയയ്ക്കു കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നതായും ഡഫി പറഞ്ഞു.