മെല്‍ബണ്‍: ഒരുമുഴം മുല്ലപ്പൂവിന് എത്ര വിലയാകും. സീസണനുസരിച്ച് വില വ്യത്യാസം വരാമെങ്കിലും ശരാശരി വില അമ്പതോ അറുപതോ രൂപയെന്നു കണക്കാക്കാം. എന്നാല്‍ ഒരു മുഴം മുല്ലപ്പൂ ബാഗില്‍ വച്ച് മെല്‍ബണ്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിന് സിനിമതാരം നവ്യനായര്‍ പിഴയൊടുക്കേണ്ടി വന്നത് ഒന്നരലക്ഷത്തോളം രൂപ. ഓസ്ട്രേലിയയിലെ ജൈവസുരക്ഷാ നിയമം അറിയാതെ ചെയ്തു പോയ കാര്യത്തിന് മലയാളത്തിന്റെ പ്രിയ നടിക്കുണ്ടായ ദുരനുഭവമാണിത്. മലയാളി അസോസിയേഷന് വിക്ടോറിയയുടെ അമ്പതാം വാര്‍ഷികത്തിനും ഓണാഘോഷത്തിനുമായി വന്നിറങ്ങുമ്പോഴാണ് നവ്യ ഈ കുരുക്കില്‍ പെട്ടത്.
അസോസിയേഷന് യോഗത്തില്‍ നവ്യ തന്നെയാണ് ഈ അനുഭവം പങ്കുവച്ചതും. മുല്ലപ്പൂവ് മാത്രമല്ല ഒരു ചെടിയും പൂവും ഓസ്ട്രേലിയയിലേക്ക് അന്യരാജ്യത്തു നിന്ന് കൊണ്ടുവന്നുകൂടാ എന്ന നിയമത്തെപ്പറ്റിയുള്ള അറിവില്ലായ്മയാണ് നടിക്കു വിനയായത്. ഒരു നിയമത്തെക്കുറിച്ച് അറിയാതെ പോയി എന്നത് നിയമം ലംഘിക്കാനുള്ള അവകാശമല്ലെന്നു പറഞ്ഞ് നടി തന്നെ തന്റെ തെറ്റ് സമ്മതിക്കുകയും ചെയ്തു. നവ്യയില്‍ നിന്ന് 1980 ഓസ്ട്രേലിയന്‍ ഡോളറാണ് പിഴയായി വിമാനത്താവളത്തില്‍ വച്ച് ഈടാക്കിയത്. അന്യരാജ്യത്തു നിന്നു കൊണ്ടുവരുന്ന പൂവ്, വിത്ത്, ചെടി തുടങ്ങിയവ പ്രത്യേക ഡിക്ലറേഷന്‍ നടത്തി ക്വാറന്റൈന് ചെയ്തു മാത്രമേ ഓസ്ട്രേലിയയില്‍ ഇറക്കാന്‍ പാടുള്ളൂ. അവ വഴി രോഗങ്ങളും കീടങ്ങളും രാജ്യത്തെത്തുന്നതു തടയാനാണീ നിയമം.
മെല്‍ബണിലേക്ക് ഓണപ്പരിപാടിക്ക് പോകുമ്പോള്‍ മലയാളിച്ചന്തത്തില് ഇരിക്കുന്നതിനു വേണ്ടി നവ്യയ്ക്ക് അച്ഛനാണ് മുല്ലപ്പൂ മാല വാങ്ങിക്കൊടുത്തത്. അതില്‍ പകുതി യാത്രയില്‍ തലമുടിയില്‍ വച്ചു. ബാക്കി പകുതി പരിപാടിക്കു പോകുമ്പോള്‍ ധരിക്കാനായി ബാഗില്‍ വയ്ക്കുകയും ചെയ്തു. ആ പകുതിയാണ് വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടത്. തലയിലണിഞ്ഞ പാതിഭാഗം സിംഗപ്പൂരില്‍ വച്ച് എടുത്തു മാറ്റിയിരുന്നു. വാടിപ്പോയതാണ് കാരണം. ഇരുപത്തെട്ടു ദിവസത്തിനുള്ളില്‍ പിഴയടയ്ക്കണമെന്ന നിബന്ധനയിലാണ് പുറത്തുവിട്ടതു തന്നെ.
ഒരു മുഴം മുല്ലപ്പൂവും ഒരു ലക്ഷം രൂപയും, ജൈവ സുരക്ഷ ഫൈനായാല്

