മുംബൈ: മലയാളിയായ അഞ്ജന കൃഷ്ണയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. രാഷ്ട്രീയക്കാരുടെ തോന്ന്യാസങ്ങള്‍ക്കെതിരേ തന്റേടത്തോടെ നില്‍ക്കുന്ന പോലീസ് ഓഫീസര്‍ എന്ന സിനിമക്കഥകള്‍ക്കു തുല്യമായ താരപരിവേഷം ഒരൊറ്റ ദിവസം കൊണ്ട് അഞ്ജന നേടിക്കഴിഞ്ഞു. ഈ കൊച്ചുമിടുക്കി ഒരു കൊച്ചു പുലിയാണെന്നു പറയാതെ വയ്യ.
പോലീസ് സേനയില്‍ ഐപിഎസുകാരുടെ എന്‍ട്രിലെവല്‍ പോസ്റ്റായ ഡിവൈഎസ്പി റാങ്കിലിരുന്നുകൊണ്ടാണ് സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയെ ഇവര്‍ തന്റെ പ്രവൃത്തികൊണ്ടു വെല്ലുവിളിച്ചിരിക്കുന്നത്. എന്നാല്‍ വാക്കുകളില്‍ അങ്ങേയറ്റത്തെ മിതത്വം പാലിക്കുകയും ചെയ്തുകൊണ്ട് പക്വമായ നിലപാടുകളുടെ ശക്തി വെളിപ്പെടുത്തിയിരിക്കുകയാണ് 2023 ബാച്ചിലെ ഈ ഐപിഎസ് ഉദ്യോഗസ്ഥ. നിലവില്‍ മഹാരാഷ്ട്ര കേഡറാണ് ഈ യുവ ഐപിഎസിനു ലഭിച്ചിരിക്കുന്നത്. അതായത് മിക്കവാറും സര്‍വീസില്‍ നിന്നു പിരിയുന്നതു വരെ ഇതേ ഉപമുഖ്യമന്ത്രി സര്‍വാധികാരിയായി വാഴുന്ന സംസ്ഥാനത്തു തന്നെയായിരിക്കും ഇവര്‍ക്കു പ്രവര്‍ത്തിക്കേണ്ട വരിക.
സോലാപൂര്‍ എന്ന സ്ഥലത്ത് അനധികൃതമായി നടത്തുന്ന മണ്ണു ഖനനം അന്വേഷിക്കാനാണ് ഡിവൈഎസ്പി അഞ്ജന എത്തുന്നത്. കര്‍മല എന്ന ഗ്രാമത്തിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് മണ്ണു കടത്തല്‍ നടക്കുന്നത്. സത്യാവസ്ഥ ബോധ്യപ്പെട്ട ഇവര്‍ ഖനനം നിര്‍ത്താന്‍ ഉത്തരവിടുന്നു. അതോടെ സ്ഥലത്തെ ലോക്കല്‍ എന്‍സിപി നേതാവായ ബാബ ജഗ്താപ് തന്റെ പാര്‍ട്ടിയുടെ അത്യുന്നത നേതാവും സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെ ഫോണില്‍ വിളിക്കുന്നു. അദ്ദേഹം നിര്‍ദേശിക്കുന്നതനുസരിച്ച് ഫോണ്‍ അഞ്ജനയ്ക്കു കൈമാറുന്നു. മന്ത്രി കഥയൊന്നും ചോദിക്കാതെ ശകാരവര്‍ഷം ചൊരിയുന്നു. ആളെ മനസിലായില്ലെന്നും തന്റെ സ്വന്തം നമ്പരില്‍ വിളിക്കാനും അഞ്ജന ആവശ്യപ്പെട്ടതനുസരിച്ച് അജിത് പവാര്‍ അഞ്ജനയുടെ നമ്പരിലേക്ക് വീഡിയോ കോള്‍ ചെയ്യുന്നു. നടപടികള്‍ നിര്‍ത്തിവയ്ക്കാനും തഹസില്‍ദാരോട് കാര്യങ്ങള്‍ ഏകോപിപ്പിക്കാനും ഒടുവില്‍ നിര്‍ദേശിക്കുന്നു. അഞ്ജന, പക്ഷേ, എന്താണോ താന്‍ ഉദ്ദേശിച്ചത് അതു തന്നെ ചെയ്യുന്നു. ഖനനം നിര്‍ത്തിക്കുന്നു. പിന്നീടാണ് ഈ വീഡിയോ കോള്‍ ലീക്കായി പുറത്തെത്തുന്നത്. അതോടെയാണ് അഞ്ജന താരമാകുന്നതും അജിത് പവാര്‍ എയറിലാകുന്നതും.
തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയും ടെക്‌സ്റ്റൈല്‍ ബിസിനസുകാരനുമായ വി ആര്‍ വിജുവിന്റെയും ജുഡീഷ്യല്‍ വകുപ്പില്‍ ഉദ്യോഗസ്ഥയായ എല്‍ സീനയുടെയും മകളാണ് അഞ്ജന. 2022-23 വര്‍ഷം സിവിള്‍ സര്‍വീസ് പരീക്ഷയില്‍ 355ാം റാങ്ക് നേടിയാണ് ഐപിഎസില്‍ എത്തിയത്. ആദ്യമായി കിട്ടിയ പോസ്റ്റിങ്ങാണ് സോലാപൂരിലേത്.
താരപരിവേഷത്തോടെ ആക്ഷന്‍ ഹീറോ അഞ്ജന കൃഷ്ണ, അജിത് പവാര്‍ എയറില്‍
