തിരുവനന്തപുരം: രണ്ടു വര്‍ഷം മുമ്പ് കള്ളക്കേസില്‍ കുടുക്കി യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് വി എസ് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മര്‍ദിച്ച നാല് പോലീസ് ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. നിലവില്‍ വിയ്യൂര്‍ സ്റ്റേഷനിലെ എസ്ഐ ആയ നൂഹ്മാന്‍, മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ സിപിഒ ആയ സന്ദീപ്, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ സിപിഒമാരായ സജീവന്, ശശിധരന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇവര്‍ക്കു പുറമെ പോലീസ് വാഹനത്തിന്റെ ഡ്രൈവറായിരുന്ന സുബൈര്‍ കൂടി മര്‍ദിച്ചുവെന്നു സുജിത്ത് പരാതിപ്പെട്ടുവെങ്കിലും അയാള്‍ പിന്നീട് പോലീസ് വകുപ്പിലെ ജോലി തന്നെ രാജിവച്ച് മറ്റൊരു ജോലി നേടിപ്പോയിരുന്നു. എന്നിരിക്കിലും ഗവണ്മെന്റ് സര്‍വീസില്‍ തന്നെ നിലവിലുള്ള ഇയാള്‍ക്കെതിരേ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. സസ്പെന്‍ഡ് ചെയ്യപ്പെട്ട നാല് ഉദ്യോഗസ്ഥരും കുന്നംകുളം സ്റ്റേഷനില്‍ ജോലിയിലിരുന്ന സമയത്താണ് സുജിത്തിനു മര്‍ദനമേറ്റത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ശിക്ഷയായി സ്ഥലം മാറ്റി എന്നു പറയുന്നുണ്ടെങ്കിലും തൃശൂര്‍ ജില്ലയില്‍ തന്നെ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്കാണ് മാറ്റിയതെന്ന് അന്നേ വിമര്ശമുണ്ടായിരുന്നതാണ്.
ഡിഐജി ഹരി ശങ്കര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് സോണ്‍ ഐജി രാജ്പാല് മീണയാണ് സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കിയത്. ഇവര്‍ക്കെതിരേ നേരത്തെ ഡിഐജി സ്വന്തം നിലയ്ക്ക് ശിക്ഷാ നടപടിയെടുത്തിരുന്നു. ആ നടപടി സൗകര്യപ്രദമായ സ്ഥലത്തേക്കുള്ള സ്ഥലം മാറ്റമായിരുന്നെന്നു മാത്രം. അതോടൊപ്പം ഇവരുടെ ഇന്‍ക്രിമെന്റ് റദ്ദാക്കുകയും ചെയ്തിരുന്നു. ഈ നടപടി പുനപരിശോധിക്കാനും ഐജി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. അതായത് റദ്ദാക്കിയ ഇന്‍ക്രിമെന്റ് ഇവര്‍ക്കു പിന്നീട് ക്ലെയിം ചെയ്യാമെന്നര്‍ഥം. ഉദ്യോഗസ്ഥര്ക്കെതിരേ കുന്നംകുളം കോടതി ക്രിമിനല്‍ കേസും എടുത്തിരുന്നു. യഥാര്‍ഥത്തില്‍ ഈ ക്രിമിനല്‍ കേസ് എന്നത് കുന്നംകുളത്തെ അക്കാലത്തെ ജഡ്ജിയുടെ നീതിബോധത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജഡ്ജിയുടെ പക്കല്‍ സുജിത്തിനെ എത്തിച്ചപ്പോള്‍ തനിക്ക് ഭീകര മര്‍ദനമേറ്റ വിവരം സുജിത്ത് വെളിപ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതയായ ജഡ്ജി അപ്പോള്‍ തന്നെ ജാമ്യം അനുവദിക്കുകയും സുജിത്തിനെ വ്യക്തിപരമായി വിളിച്ച് പരാതി എഴുതി വാങ്ങുകയുമായിരുന്നു. ഈ പരാതിയുടെ അട്സഥാനത്തില് കോടതി നേരിട്ട് കേസ് എടുക്കുകയുമായിരുന്നു.
കുന്നംകുളം സ്റ്റേഷനില്‍ സുജിത്തിനെ തല്ലിച്ചതച്ച പോലീസുകാര്‍ക്ക് സസ്പെന്ഷന്
