കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തിന്‍ കീഴില്‍ പറഞ്ഞറിയിക്കാനാവാത്ത വിവേചനങ്ങള്‍ക്കാണ് സ്ത്രീകള്‍ ഇരയാകുന്നതെങ്കിലും കണ്ണില്‍ ചോരയില്ലാത്ത വിവേചനത്തില്‍ നിന്ന് ദുരന്തഭൂമിയില്‍ പോലും സ്ത്രീകള്‍ക്കു രക്ഷയില്ലെന്ന് കഴിഞ്ഞ ദിവസം അവിടെയുണ്ടായ ശക്തമായ ഭൂചലനം തെളിവു തരുന്നു. ഭുമി കുലുങ്ങുമ്പോള്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതു സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മേല്‍ ഒരുപോലെയാണെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ പോലും സ്ത്രീകളെ ഒഴിവാക്കി പുരുഷന്‍മാരെ മാത്രമാണ് രക്ഷിക്കുന്നതെന്ന ആക്ഷേപം ഉയരുന്നു. അപായ സ്ഥലത്തു നിന്നുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടുകളാണ് ഇക്കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്.
ഭര്‍ത്താവോ അടുത്ത കുടുംബാംഗങ്ങളോ അല്ലാത്ത ഒരു പുരുഷനുമായി പോലും സ്ത്രീയുടെ ശരീരം സ്പര്‍ശിച്ചു കൂടാ എന്നതാണ് ഇസ്ലാമിക് പ്രബോധനമായി താലിബാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശരീരത്തില്‍ സ്പര്‍ശിക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് അസാധ്യമായിരിക്കെ സ്ത്രീകള്‍ ദുരന്തഭൂമിയില്‍ ആരുടെയും സഹായം ലഭിക്കാതെ നരകിച്ചു മരിച്ചുകൊണ്ടേയിരിക്കുകയാണ്. രക്ഷപെടുത്തിയവരെയാണെങ്കില്‍ വസ്ത്രത്തിന്റെ വിളുമ്പിലും മറ്റും പിടിച്ചു വലിച്ച് യാതൊരു ദാക്ഷിണ്യവുമില്ലാത്ത രീതിയിലാണ് പുറത്തെത്തിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇങ്ങനെയൊരു മനുഷ്യശരീരം പുറത്തെടുക്കുന്നതിലെ ക്രൂരത മതശാസയില്‍ മുങ്ങിപ്പോകുന്നു. ഓരോ തകര്‍ന്ന കെട്ടിടത്തിലും അവസാനം രക്ഷാപ്രവര്‍ത്തരെത്തുന്നത് സ്ത്രീകള്‍ക്കടുത്തേക്കാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലുണ്ടായ ഭുകമ്പത്തില്‍ മൂവായിരത്തിലധികം ആള്‍ക്കാരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവര്‍ എത്രയെന്ന് ഇതുവരെ കൃത്യമായ കണക്കു പോലുമില്ല.
വനിതകള്‍ക്കു പൊതുമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്നതിനു വിലക്കുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വേദിയില്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന നാമമാത്രമായ വനിതാ രക്ഷാപ്രവര്‍ത്തകര്‍ മാത്രമാണുള്ളത്. മരിച്ച സ്ത്രീകളുടെ കാര്യത്തില്‍ സ്പര്‍ശന നിയമം ബാധകമല്ലാത്തതിനാല്‍ അവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നുണ്ട്. അയല്‍ ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ വിലക്കുകള്‍ ലംഘിച്ച് അപകട മേഖലയിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന കാഴ്ച പലയിടത്തും കാണാനുണ്ട്. അങ്ങനെയാണ് കുറച്ചെങ്കിലും സ്ത്രീകള്‍ രക്ഷപെടുന്നത്. എങ്ങനെയെങ്കിലും പരിക്കുകളോടെ പുറത്തെത്തിയ സ്ത്രീകള്‍ക്ക് വൈദ്യ സഹായം ലഭിക്കുന്നതിലും സ്പര്‍ശന നിയമം തന്നെ പ്രതിബന്ധമായി വീണ്ടും മാറുന്ന കാഴ്ചയുമുണ്ട്.
പെണ്ണിനോടു കരുണയില്ലാതെ അഫ്ഗാനിലെ താലിബാന്‍ മോഡല്‍ രക്ഷാപ്രവര്‍ത്തനം
