മുംബൈ: ഒരു ദിവസം മുഴുവന്‍ മുംബൈ നഗരത്തെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ മനുഷ്യബോംബ് ഭീഷണിയുടെ പിന്നിലെ നേരു കണ്ടുപിടിച്ച് പോലീസ്. ബീഹാര്‍ സ്വദേശിയായ അശ്വനി കുമാര്‍ എന്ന ജ്യോത്സന്റെ ക്രിമിനല്‍ മനസില്‍ വിരിഞ്ഞ ആശയമായിരുന്നു ഇതെന്നു പോലീസിന്റെ കണ്ടെത്തല്‍. അശ്വനികുമാര്‍ അറസ്റ്റിലായിട്ടുണ്ട്. വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള എളുപ്പ വഴിയായ നുണബോംബ് പൊട്ടിക്കുകയായിരുന്നു ഇയാള്‍. അഞ്ചു വര്‍ഷമായി നോയിഡയിലാണ് ഇയാളുടെ വാസം.
മുപ്പത്തഞ്ച് മനുഷ്യ ബോംബുകള്‍ മുംബൈ നഗരത്തിലേക്ക് ഒളിച്ചു കടന്നിട്ടുണ്ടെന്നും ഇവര്‍ കാറുകളില്‍ സ്വയം ബോംബായി പൊട്ടിത്തെറിക്കുമെന്നുമായിരുന്നു മുംബൈ ട്രാഫിക് പോലീസിന്റെ ഔദ്യോഗിക വാട്സാപ്പ് നമ്പരിലേക്കു വന്ന ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നത്. 400 കിലോ ആര്‍ഡിഎക്സ് ഉപയോഗിച്ചുള്ള സ്ഫോടനത്തില്‍ ഒരു കോടി ആള്‍ക്കാരെ വകവരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും സന്ദേശം കൃത്യമായി പറഞ്ഞിരുന്നു. ലഷ്കര്‍ ഇ ജിഹാദി എന്ന ഭീകര സംഘടനയുടെ പ്രവര്‍ത്തകരാണ് ചാവേറുകള്‍ എന്നു കൂടി അറിയിച്ചതോടെ പോലീസിന് സര്‍വ സന്നാഹവുമെടുത്ത് കളത്തിലിറങ്ങേണ്ടി വന്നു. പിറ്റേന്നു നടക്കുന്ന ഗണേശ ചതുര്‍ഥി ആഘോഷമായിരിക്കാം ഭീകരരുടെ ലക്ഷ്യമെന്നായിരുന്നു കണക്കു കൂട്ടല്‍. ഏതായാലും മല പോലെ വന്നത് എലി പോലെ പോയ ആശ്വാസത്തിലാണ് പോലിസ് ഇപ്പോള്‍.
ഫിറോസ് എന്ന പേരിലാണ് അശ്വനികുമാര്‍ പോലീസിനു സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നത്. സത്യത്തില്‍ ഫിറോസ് എന്നൊരാള്‍ ജീവിച്ചിരിപ്പുണ്ട്. ഇയാള്‍ അശ്വനികുമാറിന്റെ സുഹൃത്താണെന്നു മാത്രം. ഇവര്‍ക്കിടയില്‍ ഏതാനും സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഫിറോസ് നല്കിയ പരാതിയില്‍ അശ്വനികുമാറിന് മൂന്നു മാസം ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. അതിന്റെ പക വീട്ടാനാണ് അശ്വനികുമാര്‍ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ ഇങ്ങനെയൊരു നാടകം ആസൂത്രണം ചെയ്തത്.
പ്രതിയില്‍ നിന്ന് ഏഴു മൊബൈല്‍ ഫോണുകള്‍, മൂന്നു സിം കാര്‍ഡുകള്‍, നിരവധി അനുബന്ധ മെസേജിങ് സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ചീറ്റിപ്പോയ നുണബോംബിനകത്ത് പകയും കാഞ്ഞബുദ്ധിയും. ജ്യോത്സ്യന് പോലീസ് പിടിയില്‍
