മീററ്റ്: നൂല്‍ബന്ധമില്ലാതെ അവര്‍ വരും. സ്ത്രീകള്‍ തനിച്ചു വരുന്ന വഴികളില്‍ പതിയിരിക്കും. വിജനമായ ഗ്രാമപാതകളില്‍ ഇരുവശവും കൃഷിസ്ഥലങ്ങളായതിനാല്‍ പലപ്പോഴും ഇവരുടെ സാന്നിധ്യം ആരും അറിയണമെന്നില്ല. തരത്തില്‍ ഏതെങ്കിലും സ്ത്രീ തനിച്ചു വരുന്നതായി കണ്ടാല്‍ ചാടിവീഴും. വലിച്ചിഴച്ചുകൊണ്ട് അടുത്തുള്ള കൃഷിയിടത്തിലേക്കു മറയും. വളരെ ക്രൂരമായ രീതിയില്‍ ഉപദ്രവിച്ചതിനു ശേഷം അവര്‍ മുങ്ങും. മറാല എന്ന ഗ്രാമത്തില്‍ അടുത്തടുത്തായി നാലു സ്ത്രീകള്‍ക്കു നേരേ ആക്രമണം നടന്നു കഴിഞ്ഞപ്പോഴാണ് പുറംലോകം ഈ വിവരം അറിയുന്നത്.
നാലാമത്തെ സ്ത്രീയാണ് ഈ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ധൈര്യം കാണിച്ചത്. ആദ്യത്തെ മൂന്നു പേരും വീട്ടില്‍ വിവരം പറഞ്ഞെങ്കിലും അപമാനം ഭയന്ന് അവരാരും പുറത്തു വിവരം അറിയിച്ചതേയില്ല. പരാതിയുമായി പോയ സ്ത്രീയാണെങ്കില്‍ അക്രമികളോടു പറ്റുന്നത്ര ചെറുത്തുനിന്ന ശേഷം രക്ഷപെടുകയുമായിരുന്നു. ഇവര്‍ പുറത്തു വന്നതും ബഹളം വച്ച് ആളുകളെ കൂട്ടി. എല്ലാവരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞതേയില്ല. അത്രവേഗത്തിലാണ് അവര്‍ രക്ഷപെട്ടു പോയത്. ഈ സ്ഥലം നല്ല നിശ്ചയമുള്ളവരാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് അധികൃതര്‍ സംശയിക്കുന്നത്. ന്യൂഡ് ഗാങ് എന്ന പേരില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതോടെ പോലീസ് അന്വേഷണ രംഗത്ത് സജീവമായിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ച് കൃഷിസ്ഥലങ്ങളില്‍ നിരന്തര പരിശോധനയാണ് പോലീസ് ഇപ്പോള്‍ ആലോചിക്കുന്നത്. അതിനു പുറമെ പ്രദേശത്ത് ഏതാനും സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും പോലീസ് ശ്രമിച്ചു വരുന്നു. പട്രോളിങ്ങിന് വനിതാ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.
പട്ടാപ്പകല്‍ ന്യൂഡ് ഗാങ്, ഇരയായത് നാലു പേര്‍, പുറത്തിറങ്ങാന്‍ പേടിച്ച് സ്ത്രീകള്‍
