സിഡ്നി: ഓഗസ്റ്റ് 31ന് നിയോ നാസി സ്വഭാവത്തോടു കൂടിയ സംഘടനകള്‍ ഓസ്ട്രേലിയയില്‍ അഴിച്ചു വിട്ട അക്രമത്തിനും മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ റാലിക്കും ബദലായി രാജ്യത്തെ തലസ്ഥാന നഗരങ്ങളിലും മറ്റു നഗരങ്ങളിലും റാലികള്‍ നടത്താന്‍ ആദിമ ജനതകളുടെ സംഘടനയായ ബ്ലാക്ക് കോക്കസ് തീരുമാനിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ റാലിയില്‍ ആദിമജനതയുടെ സാംസ്കാരിക-ആധ്യാത്മിക പ്രാധാന്യമുള്ള പല സ്ഥലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. മെല്‍ബണിലെ വിശുദ്ധ സ്ഥലവും മൃതസംസ്കാരഭൂമിയുമായ ക്യാമ്പ് സോവര്നിറ്റിയിലായിരുന്നു ഏറ്റവും അക്രമോത്സുകമായ സമരം അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും നടക്കുകയാണ്. അന്നത്തെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നിയോ നാസി നേതാവ് തോമസ് സെവെലിന് ഇതുവരെ ജാമ്യം കിട്ടിയിട്ടു പോലുമില്ല.
രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ ആദിമജനത ഗ്രൂപ്പുകളുമായി ബദല്‍ റാലികള്‍ സംബന്ധിച്ച് ബ്ലാക്ക് കോക്കസ് ആശയവിനിമയം നടത്തിവരികയാണ്. ‘ഓഗസ്റ്റ് മുപ്പത്തൊന്നിലെ അറപ്പുളവാക്കുന്ന പ്രവര്‍ത്തികള്‍ക്കു ബദലായി ഈ രാജ്യത്തെ ആദിമജനത നിലപാടെടുത്തുകൊണ്ടിരിക്കുക’യാണെന്ന് റാലികളുടെ സംഘാടനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന പോള്‍ സില്‍വ പറയുന്നു. ഈ രാജ്യത്തു വംശവെറിക്കു സ്ഥാനമില്ലെന്ന് വിളിച്ചു പറയാനാണ് തങ്ങളുടെ തീരുമാനമെന്ന് പോള്‍ സില്‍വ വെളിപ്പെടുത്തി. സെപ്റ്റംബര്‍ 13ന് ബദല്‍ റാലികള്‍ നടത്താനാണ് ബ്ലാക്ക് കോക്കസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇവ വെറും റാലികള്‍ മാത്രമായിരിക്കില്ല. ആദിവാസി നൃത്തങ്ങള്‍, സാംസ്കാരിക പ്രദര്‍ശനം, ഭക്ഷ്യ വിതരണം, അമ്മൂമ്മമാരുടെ കഥപറച്ചിലുകള്‍ എന്നിവയെല്ലാം ചേരുന്ന വലിയ പരിപാടികളായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
നിയോ നാസി മാര്‍ച്ചിനു ബദല്‍, ആദിമജനതകള്‍ ആട്ടവും പാട്ടുമായി തെരുവിലിറങ്ങുന്നു
