കോട്ടയം: ഇന്ത്യയൊന്നാകെ വെള്ളിയാഴ്ച തിരുവോണത്തിനൊപ്പം അധ്യാപകദിനം ആചരിക്കുക കൂടി ചെയ്യുമ്പോള്‍ ഓണപ്പായസത്തിനു തുല്യം മധുരമുള്ളൊരു ഓര്‍മയാണ് പുണ്യം നിറഞ്ഞ മുന്‍തലമുറയിലെ ഒരു അധ്യാപകന്റെ കുടുംബത്തിനു സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാനുള്ളത്. പുതുപ്പള്ളി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് 57 വര്‍ഷം മുമ്പെടുത്തൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗ്രൂപ്പ് ഫോട്ടോയാണിത്. ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വിദ്യ ഇന്നത്തെക്കാള്‍ വളരെയധികം പിന്നോക്കമായിരുന്നൊരു കാലത്ത് ഏതോ ബോക്‌സ് ക്യാമറയിലെടുത്ത ഈ ചിത്രം പകരുന്ന ഓര്‍മകള്‍ക്ക് ഇന്നും വളരെയേറെ തെളിച്ചവും നിറവുമുണ്ട്.
ചിത്രത്തിന്റെ സന്ദര്‍ഭം ഇങ്ങനെ. സ്‌കൂളിലെ സീനിയര്‍ അധ്യാപകനായിരുന്ന പി ഐ കൗമോസ് സാറിന്റെ യാത്രയയപ്പു ദിവസം ആശംസകള്‍ നേരാന്‍ എത്തിയ അധ്യാപക സമൂഹമാണ് ചിത്രത്തില്‍ നിരന്നിരിക്കുന്നതും നില്‍ക്കുന്നതുമെല്ലാം. അന്നത്തെ ആ ചിത്രത്തിലുള്ള രണ്ടു പേര്‍ മാത്രമാണ് ഇന്നും ജീവനോടെയിരിക്കുന്നത്. എങ്കില്‍ കൂടി ഓരോത്തരുടെയും വീട്ടില്‍ ഇന്നുള്ള അടുത്ത തലമുറയ്ക്ക് ചിത്രത്തിലുള്ള സഹ അധ്യാപകരെയൊക്കെ പറഞ്ഞറിഞ്ഞു നല്ല പരിചയമാണ്. അതായിരുന്നു അക്കാലത്ത് അധ്യാപക സമൂഹത്തിനിടയിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം.
കൗമോസ് സാര്‍ പുതുപ്പള്ളി പാറാട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ പിതൃസഹോദരീ പുത്രനാണ്. അതിലുപരി അതേ സ്‌കൂളിലെ തന്നെ ഒരു ഡസനിലേറെ അധ്യാപകരുടെ അധ്യാപകനും. അപ്പോള്‍ പിന്നെയെങ്ങനെ വലിയൊരു അധ്യാപക വൃന്ദം യാത്രയയപ്പിനെത്താതിരിക്കും.
അധ്യാപകദിനത്തിനു തിളക്കമേകാന്‍ അരനൂറ്റാണ്ടു മുമ്പത്തെ ഓര്‍മച്ചിത്രം
