തിരുവനന്തപുരം: ആറു പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിനൊടുവില്‍ തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന മലയാള സിനിമയിലെ അതികായന് മധുവിന് ഇതു ജീവിതത്തിലെ തൊണ്ണൂറ്റൊന്നാം ഓണം. ചെമ്മീനിലെ പരീക്കുട്ടിയെയും സ്വയംവരത്തിലെ വിശ്വത്തെയുമൊക്കെ അനശ്വരമാക്കിയ നടന് ഇക്കൊല്ലത്തെ ഓണക്കാലത്തെ സംബന്ധിച്ച് ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു അനുഭവം കൂടി. കേരളത്തിന്റെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നേരിട്ടു വീട്ടിലെത്തി ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നു. അദ്ദേഹത്തിനൊപ്പം പത്നി അനഘ അര്‍ലേക്കറും ചെറുമകന് ശ്രീഹരിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമുണ്ടായിരുന്നു. തിരുവോണത്തലേന്ന് വൈകുന്നേരത്തോടെയാണ് ഗവര്‍ണറും സംഘവും മധുവിന്റെ വീട്ടിലെത്തുന്നത്. ആ സമയം മകള്‍ ഡോ. ഉമ ജെ നായരും ഭര്‍ത്താവ് കൃഷ്ണകുമാറും മധുവിനൊപ്പമുണ്ടായിരുന്നു. ഇവര്‍ മൂവരും ചേര്‍ന്നാണ് വിശിഷ്ടാതിഥികളെ വീട്ടിലേക്കു സ്വീകരിക്കുന്നത്. ഗവര്‍ണര്‍ ഓണക്കോടിയും സമ്മാനവും കൈമാറി. സുരേഷ് ഗോപി മധുവിനെ പൊന്നാടയണിച്ചു. ഓണത്തിന്റെ പുണ്യദിനത്തില്‍ പ്രിയനടന് മധുവിനെ കാണാനും കുറച്ചു സമയം ചെലവഴിക്കാനും സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഗവര്‍ണര്‍ പിന്നീട് പറഞ്ഞു. ഗവര്‍ണറും കുടുംബവും തന്നെ കാണാന്‍ വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് മധുവും പ്രതികരിച്ചു.
‘പരീക്കുട്ടി’ക്ക് ഇത്തവണ ഓണം അവിസ്മരണീയമാക്കിയത് ഒരു വിഐപിയും കുടുംബവും
