വായ്പകളുടെ കാര്യത്തില്‍ അനില്‍ അംബാനിയും കമ്പനികളും ഫ്രോഡെന്ന് ബിഓബി

ന്യൂഡല്‍ഹി: സര്‍വത്ര കുരുക്കില്‍ പെട്ടുഴലുന്ന അനില്‍ അംബാനിക്ക് ബാങ്ക് ഓഫ് ബറോഡയുടെ വീതം ഒരു പ്രഹരം കൂടി. അനില്‍ അംബാനിയുടെയും റിലയന്‍സ് കമ്യണിക്കേഷന്‍സിന്റെയും (ആര്‍കോം) വായ്പാ അക്കൗണ്ടുകളെ ‘ഫ്രോഡ്’ എന്ന വിഭാഗത്തില്‍ ബാങ്ക് ഓഫ് ബറോഡ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ ആര്‍കോം കോര്‍പ്പറേറ്റ് പാപ്പര്‍ ഹര്‍ജിയിലെ പരിഹാര പ്രക്രിയകളിലേക്ക് കടന്നിരിക്കുകയാണ്. അതിനൊപ്പം ഇഡിയുടെയും സിബിഐയുടെയും അന്വേഷണം പുരോഗമിക്കുകയുമാണ്. ഇതിനിടെയാണ് പാപ്പര്‍ നടപടികള്‍ക്കു മുമ്പെടുത്തിരിക്കുന്ന വായ്പകളെ പോലും ബാങ്ക് ഓഫ് ബറോഡ ഫ്രോഡ് അഥവാ തട്ടിപ്പിന്റെ ഗണത്തിലേക്ക്ു മാറ്റിയിരിക്കുന്നത്. അനില്‍ അംബാനിയെ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്നു നേരത്തെ മാറ്റിയിരുന്നതാണ്.
ഇഡി അവരുടെ അന്വേഷണത്തിന്റെ ഭാഗമായി റിലയന്‍സ് ഹൗസിങ് ഫിനാന്‍സ്, ആര്‍കോം, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് എന്നീ കമ്പനികള്‍ എടുത്തിരിക്കുന്ന് വായ്പകള്‍ സംബന്ധിച്ച് രാജ്യത്തെ പതിമൂന്നു ബാങ്കുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. അനില്‍ അംബാനിയുടെയും കമ്പനികളുടെയും പേരില്‍ ആകെ 17000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്.
അനില്‍ അംബാനിയുടെ വായ്പകളെ ഫ്രോഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന മൂന്നാമത്തെ ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. നേരത്തെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് ഇന്ത്യയും ഇതേ നടപടി സ്വീകരിച്ചിരുന്നതാണ്.