കാഠ്മണ്ഡു: പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്്‌ഫോമുകള്‍ക്കെല്ലാം നേപ്പാളില്‍ നിരോധനം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, എക്‌സ് തുടങ്ങിയവയൊന്നും ഇനി നേപ്പാളില്‍ കിട്ടില്ല. നേപ്പാളിലെ നിയമപരമായി നേടേണ്ട രജിസ്‌ട്രേഷന് അനുവദിച്ചിരുന്ന അവസാന തീയതി കഴിഞ്ഞിട്ടും നേടാനാവാത്തതാണ് നിരോധനത്തിനു പിന്നിലെ കാരണം.
നേപ്പാളില്‍ രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളും രജിസ്റ്റര്‍ ചെയ്യുന്നതു വരെ പ്രവര്‍ത്തന രഹിതമാക്കാന്‍ നേപ്പാള്‍ ടെലികമ്യൂണിക്കേഷന്‍സ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നൊരു അറിയിപ്പ് മാത്രമാണ് ഇതു സംബന്ധിച്ച് നേപ്പാള്‍ ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നേപ്പാളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് കെ പി ശര്‍മ ഒലി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനായി അനുവദിച്ച സമയപരിധി കമ്പനികളുടെ അഭ്യര്‍ഥന മാനിച്ച് ഇതിനകം പല പ്രാവശ്യം നീട്ടിക്കൊടുത്തിരുന്നതാണ്. അവസാനം ഓഗസ്റ്റ് 28ന് ഏഴു ദിവസം കൂടി നീട്ടി നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും രജിസ്‌ട്രേഷനു വേണ്ട നടപടികള്‍ സ്വീകരിക്കാത്തതാണ് ഇവയെ നിരോധിക്കുന്നതിനുള്ള കാരണം.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സമയപരിധി തീരുന്നത്. കമ്പനികള്‍ ഉച്ചകഴിഞ്ഞെങ്കിലും രജിസ്‌ട്രേഷന് എത്തുമെന്നായിരുന്നു ഗവണ്‍മെന്റിന്റെ ധാരണ. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായതേയില്ല. ആ സാഹചര്യത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രാലയ യോഗം നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കര്‍ശനമായ മേല്‍നോട്ടവും നിരീക്ഷണ സൗകര്യവും നിയന്ത്രണ നടപടികളും ഉള്‍പ്പെടുന്നതാണ് രജിസ്‌ട്രേഷന്‍ പ്രക്രിയ. അതിനോടു യോജിക്കാന്‍ കമ്പനികള്‍ക്കുള്ള ബുദ്ധിമുട്ടായിരിക്കാം അവരുടെ വിമുഖതയുടെ കാരണമെന്നു കരുതപ്പെടുന്നു.
നേപ്പാളില്‍ ഫേസ്ബുക്കും യൂട്യൂബും ഇന്‍സ്റ്റഗ്രാമുമൊന്നും ഇനി കിട്ടില്ല, എന്താണെന്നോ
