ജിഎസ്ടിയെന്ന പേടിസ്വപ്‌നം ഇന്നിപ്പോള്‍ മനസില്‍ ലഡു പൊട്ടിക്കുന്നതെങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്തൊട്ടാകെ ജിഎസ്ടി (ചരക്കു സേവന നികുതി) രണ്ടു സ്ലാബുകളിലേക്കു ചുരുക്കി പുനക്രമീകരിച്ചപ്പോള്‍ ആകെ 391 ഇനം സാധനങ്ങള്‍ക്ക് വില കുറയുമെന്നു കണക്കാക്കുന്നെങ്കിലും അതില്‍ മിഡില്‍ ക്ലാസ് കുടുംബങ്ങളുടെ മനസില്‍ ലഡു പൊട്ടുന്നത് കാറുകളുടെ കാര്യമെടുക്കുമ്പോഴാണ്. സ്വന്തമായൊരു കാര്‍, അല്ലെങ്കില്‍ രണ്ടാമതൊരു കാര്‍, അതുമല്ലെങ്കില്‍ നിലവിലുള്ള കാര്‍ അപ്‌ഗ്രേഡ് ചെയ്യുന്നത് എന്നൊക്കെയുള്ള സ്വപ്‌നങ്ങള്‍ താലോലിച്ചിരുന്നവര്‍ക്ക് ഇതാനു നല്ല സമയം. കാറിന് നികുതി കുറയുന്നതോടെ വിലയില്‍ കുറവു വരുന്നത് അറുപതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപവരെയെന്നു ന്യായമായും അനുമാനിക്കാം.
1500 ക്യുബിക് കപ്പാസിറ്റി (സിസി)ക്കു താഴെയുള്ള ഡീസല്‍ കാറുകള്‍, 1200 സിസിക്കു താഴെയുള്ള പെട്രോള്‍,സിഎന്‍ജി, എല്‍പിജി കാറുകള്‍ എന്നിവയുടെ നികുതി നിലവിലുള്ള 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്കാണ് താഴുന്നത്. അതായത് ക്ലീനായി പത്തു ശതമാനത്തിന്റെ നികുതി ലാഭം. ഈ റേഞ്ചില്‍ വരുന്ന വാഹനങ്ങളുടെ എക്‌സ് ഫാക്ടറി പ്രൈസ് വച്ചു കണക്കാക്കുമ്പോഴാണ് എക്‌സ് ഷോറൂം പ്രൈസില്‍ 60000 രൂപയുടെ മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ ലാഭം കണക്കാക്കാന്‍ സാധിക്കുന്നത്. അതിലേറെ രസകരമായ കാര്യം ഓഗസ്റ്റ് പതിനഞ്ചിന് ജിഎസ്ടി പരിഷ്‌കരണം സംബന്ധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിക്കഴിഞ്ഞ് ഇതുവരെ കാര്‍ ഔട്ട്‌ലറ്റുകളിലൊന്നും കാര്യമായ കച്ചവടമേ നടക്കുന്നില്ല എന്നതാണ്. എല്ലാവരും ജിഎസ്ടി കുറച്ച ഉത്തരവ് പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ്.
ഗണ്യമായ ലാഭം സാധാരണക്കാരനെ സംബന്ധിച്ചിടത്തോളമുണ്ടാകുന്ന മറ്റു വസ്തുക്കളാണ് സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയ വസ്തുക്കളിലൂടെ ലഭിക്കുന്നത്. ഇവയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറയുന്നു. സ്വന്തമായൊരു വീട് എന്ന സ്വപ്‌നവുമായി നടക്കുന്നവര്‍ക്ക് വലിയ ഭാരമായിരുന്നു കെട്ടിട നിര്‍മാണത്തിന് അത്യാവശ്യമായ ഇത്തരം വസ്തുക്കളുടെ ഉയര്‍ന്ന നികുതി. ഇവയുടെ നികുതി താഴുന്നത് കെട്ടിട നിര്‍മാണ മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടായി മാറുമെന്നുറപ്പ്. വീട്ടിനകത്തേക്കു വേണ്ടിവരുന്ന ടേബിള്‍ വെയര്‍, കിച്ചന്‍വെയര്‍, ടോയ്‌ലട്രികള്‍, മറ്റു വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കും നികുതി അഞ്ചു ശതമാനത്തിലേക്കാണ് താഴുന്നത്. വസ്ത്രങ്ങളുടെ നികുതിയും അഞ്ചു ശതമാനത്തിലെത്തും. അതായത് ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കുമൊക്കെ അനുദിനം തൊട്ടറിയാവുന്ന അവസ്ഥയിലേക്ക് വിലക്കുറവ് ഓരോ വീട്ടിലുമെത്തുമെന്നു ചുരുക്കം.