ബിഗ്ബോസില്‍ കയറിപ്പറ്റിയാല്‍ ലോട്ടറിയടിക്കുന്നതു പോലെയാണെന്നു തെളിയിക്കുന്ന വിധത്തിലുള്ള വരുമാനത്തിന്റെ കണക്കുകള്‍ പുറത്തായി. ഓരോരുത്തരും ഇതില്‍ നിന്നുള്ള പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ പുറത്തു വെളിപ്പെടുത്തരുതെന്നാണ് കരാറെങ്കിലും ഇത്തവണ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ബിഗ്ബോസ് എന്ന പരിപാടിയുടെ പ്രശസ്തിയാണ് ഇതിലേക്ക് താരങ്ങളെ ആകര്‍ഷിക്കുന്നതെങ്കിലും ഇതില്‍ നിന്നുള്ള വരുമാനം ഓരോരുത്തര്‍ക്കും അനേക ലക്ഷങ്ങളിലേക്കാണ് പോകുന്നത്. എത്ര ദിവസം ബിഗ്ബോസ് ഹൗസില്‍ നില്ക്കുന്നുവോ അത്രയും ദിവസക്കണക്കില്‍ പ്രതിഫലം കിട്ടിക്കൊണ്ടിരിക്കും. മത്സരത്തിനായി തിരഞ്ഞെടുക്കുന്നവര്‍ ചോദിക്കുന്ന പ്രതിഫലം തന്നെയാണ് ഓരോരുത്തര്‍ക്കും നല്‍കുന്നത്.
ഇപ്പോള്‍ നടക്കുന്ന ബിഗ്ബോസ് സീസണ് 7ല്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്നത് മോഹന്‍ലാലിനു തന്നെയാണ്. അവതാരകനായി എത്തുന്ന മോഹന്‍ലാലിന് മൊത്തം പരിപാടിക്കായി 24 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ആദ്യ സീസണില്‍ പന്ത്രണ്ടു കോടി രൂപയും കഴിഞ്ഞ സീസണില്‍ 18 ലക്ഷം രൂപയും നല്‍കിയിരുന്ന സാഹചര്യത്തിലാണിത്.
മത്സാര്ഥികളില് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് അനുമോള്‍ക്കാണ്. സീരിയല്‍ രംഗത്തു നിന്ന് ബിഗ്ബോസ് ഹൗസിലേക്കെത്തിയിരിക്കുന്ന അനുമോള്‍ക്ക് ഓരോ ദിവസത്തിനും 50000 രൂപ വീതം ലഭിക്കും. രേണു സുധിക്കും ഇതേ പ്രതിഫലം തന്നെയാണ് ലഭിക്കുന്നതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ പുറത്തെത്തിയ വിവരങ്ങളിലില്ല. സോഷ്യല്‍ മീഡിയയിലെ ഏറ്റവും വൈറലായ പല കണ്ടന്റുകളുമാണ് രേണുവിനു ബിഗ്ബോസ് ഹൗസിന്റെ വാതിലുകള്‍ തുറന്നു നല്‍കിയത്. സീരിയലുകളിലെയും മറ്റും സാന്നിധ്യത്തിന്റെ പ്ലസ്മാര്ക്കില്ലാതെ കണ്ടന്റിന്റെ മാത്രം ബലത്തില്‍ കയറിയെങ്കിലും കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന കണ്ടന്റുകള്‍ നല്കാന് രേണുവിനു കഴിയുന്നില്ലെന്ന പരാതിയും നിലവിലുണ്ട്.
നടന് അപ്പാനി ശരതിനും സീരിയല്‍ താരം ഷാനവാസ് ഷാനുവിനും ഒരേ പ്രതിഫലം തന്നെയാണ് ലഭിക്കുന്നത്-ഓരോ ദിവസത്തിനും 35000 രൂപ വീതം. മോഡലും സംരംഭകയുമായ ജിസേലിന് പ്രതിദിനം മുപ്പതിനായിരം രൂപ വീതം കിട്ടുമ്പോള്‍ നടി ബിന്നി സെബാസ്റ്റിയന് 25000 രൂപ വീതം കിട്ടും. ഏറ്റവും കുറഞ്ഞ പ്രതിഫലം ഇതിനകം പുറത്തായ മുന്‍ഷി രഞ്ജിത്തിനായിരുന്നു-പ്രതിദിനം 15000 രൂപ. പൊതു മധ്യത്തില്‍ ഏറ്റവും ആക്ഷേപം കേട്ട ബിഗ്ബോസ് സീസണും ഇതാണെന്ന പ്രത്യേകതയുണ്ട്. താരങ്ങള്‍ക്കു വയര്‍ നിറയെ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം പോലുമൊരുക്കുന്നില്ലെന്ന പരാതിയാണ് പുറത്തായ ഒരു താരത്തിലൂടെ മീഡിയയിലെത്തിയത്.
ബിഗ്ബോസില്‍ കയറിപ്പറ്റിയാല്‍ ലോട്ടറിയടിച്ചതു പോലെയെന്നു കണക്കുകള്‍
