ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കൊരു കുത്ത്, സെനറ്റര്‍ പ്രൈസ് പിടിച്ചത് ശരിക്കും പുലിവാല്‍

ഇന്ത്യയുള്‍പ്പെടെ ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെ അനിയന്ത്രിതമായി ലേബര്‍ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനു കാരണം ഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യമാണെന്നു ലിബറല്‍ സെനറ്റര്‍ ജസീന്ത നമ്പിജിന്‍പ പ്രൈസ് പറഞ്ഞതേ ഓര്‍മയുള്ളൂ, പ്രതിഷേധ സ്വരങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുകയാണവര്‍. അല്‍ബനീസി ഗവണ്‍മെന്റിന്റെ കുടിയേറ്റ പ്രോത്സഹന നയം വളരെ ബോധപൂര്‍വമാണെന്ന പ്രസ്താവന ഇത്രയധികം എതിര്‍പ്പ് വിളിച്ചു വരുത്തിയത് കുടിയേറ്റ വിരുദ്ധ റാലികള്‍ക്ക് അവ ഊര്‍ജമേകുന്നു എന്നതിന്റെ പേരില്‍ കൂടിയാണ്. വൈകാതെ തന്റെ തന്നെ വാക്കുകള്‍ വിഴുങ്ങേണ്ട അവസ്ഥയിലാണ് പ്രൈസ് എത്തിയിരിക്കുന്നത്.
ലിബറലുകളുടെ ഷാഡോ ഡിഫന്‍സ് ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ കൂടിയായ പ്രൈസ് എബിസിയുടെ ആഫ്റ്റര്‍നൂണ്‍ ബ്രീഫിങ് എന്ന പരിപാടിയിലാണ് വിവാദ പ്രസ്താവന നടത്തുന്നത്. ആത്യന്തികമായി അധികാരമാണ് ലേബറിന്റെ ലക്ഷ്യമെന്ന് ഇവര്‍ പറയുന്നതോടെ ഏതു ഗ്രൂപ്പിനെയാണ് ഇതുവഴി ഉദ്ദേശിക്കുന്നത് എന്നായി ചോദ്യം. അപ്പോഴാണ് ഇന്ത്യക്കാരെയാണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ക്കു പറയേണ്ടതായി വന്നത്. ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് വോട്ടിങ്ങില്‍ അതിന്റെ പ്രതിഫലനമുണ്ടാകുന്നുവെന്നായി അവര്‍. ഈ വാക്കുകളെ ധിക്കാരപരമായ മുരള്‍ച്ചയെന്നാണ് ലേബര്‍ എംപി ആന്‍ഡ്രൂ ചാള്‍ട്ടന്‍ വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയയിലെ കുടിയേറ്റ സമൂഹങ്ങളില്‍ ഏറ്റവും വിജയിക്കുന്നത് ഇന്ത്യക്കാരാണെന്നും ഇതിലുള്ള നീരസമാണ് അവരുടെ വാക്കുകളില്‍ നിഴലിക്കുന്നതെന്നും ചാള്‍ട്ടന്‍ വിമര്‍ശനമുന്നയിച്ചതോടെയാണ് പ്രൈസിനു തന്റെ തന്നെ വാക്കുകളെ വിഴുങ്ങേണ്ടതായി വന്നിരിക്കുന്നത്.