മലയാളത്തിലെ ആദ്യ സ്ത്രീ സൂപ്പര്‍ഹീറോ സിനിമ ‘ലോക ചാപ്റ്റര്‍ 1 – ചന്ദ്ര’ തിയേറ്ററുകള്‍ അടക്കിവാഴുകയാണ്. ഒരു വശത്ത് തീയറ്ററുകള്‍ പ്രേക്ഷകരെ കൊണ്ടു നിറയുമ്പോള്‍ മറുവശത്ത് ചുളുവില്‍ മനം നിറയെ ലോകയെ കാണുന്നവര്‍ ധാരാളം. അത്ര വ്യാപകമായാണ് ഇതിന്റെ വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. എങ്ങനെയും കാട്ടിക്കൂട്ടി ഒപ്പിച്ച കോപ്പിയല്ല, നല്ല വ്യക്തതയില്‍ പടം കാണാന്‍ പറ്റുന്ന ഒറിജിനല്‍ ഡ്യൂപ്ലിക്കേറ്റ് തന്നെ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു ചിത്രം സിനിമയുടെ നല്ല നിലവാരമുള്ള പതിപ്പുതന്നെ കണ്ടുകൊണ്ടിരിക്കുന്ന ബംഗളുരു-മുര്‍ദ്ദേശ്വര്‍ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരന്റെയാണ്. പാന്‍ ഇന്ത്യ തലത്തില്‍ത്തന്നെ വന്വിജയത്തിലേയ്ക്കു കുതിക്കുന്ന സിനിമയുടെ വ്യാജപ്പതിപ്പും പുറത്തിറങ്ങിയത് നിര്‍മ്മാതാക്കളെയും അണിയറപ്രവര്‍ത്തകരെയും അങ്കലാപ്പിലാക്കുന്നു.
കല്യാണി പ്രിയദര്ശന് ചന്ദ്ര എന്ന ടൈറ്റില്‍ റോളിലെത്തുമ്പോള്‍, നസ്ലിന് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഡൊമിനിക് അരുണ്‍ ആണ് നിര്‍വ്വഹിച്ചത്. ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്.
കേരളത്തിലങ്ങോളമിങ്ങോളം ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും വന്‍വിജയം നേടുന്നുണ്ട്. ‘ലോക’യുടെ ഹിന്ദി പതിപ്പ് ഇന്നലെ റിലീസായപ്പോള്‍, അതിനുള്ളില്‍ത്തന്നെ നൂറുകോടിക്കുമുകളില്‍ കളക്ഷനാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രം നേടിയത്. പാന്‍ ഇന്ത്യ തലത്തില്‍ മലയാളത്തില്‍നിന്നുള്ള അടുത്ത സൂപ്പര്‍ഹിറ്റ് പടമിറങ്ങിയ ത്രില്ലിലാണ് ആരാധകര്‍. ഇതിന്റെ സന്തോഷം കെടുത്തുന്ന പണിയല്ലേ വ്യാജന്മാര് ഇറക്കിയിരിക്കുന്നത്.
റിലീസായി ദിവസങ്ങള്‍ മാത്രം; ഭൂ’ലോക’ വ്യാജന്മാര് ഇതെങ്ങനെ സാധിച്ചെടുക്കുന്നു
