സിഡ്നി: പടിഞ്ഞാറന്‍ സിഡ്നിയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ പതിനാറുകാരനായ ബാലനെ കത്തികൊണ്ടു കുത്തി പരിക്കേല്പിച്ച കേസില്‍ രണ്ടാമതൊരു കൗമാരക്കാരന് കൂടി അറസ്റ്റില്‍. കഴിഞ്ഞ ദിവസം പതിനേഴു വയസായ ഒരു ബാലനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിരുന്നു. രണ്ടാമന്റെ അറസ്റ്റ് കൂടിയായതോടെ ഈ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെയും പിടികൂടാനായിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് സംഭവം നടക്കുന്നത്. പോലീസ് പറയുന്നതനുസരിച്ച് കൗമാരക്കാരായ രണ്ടു പേരുമായി പതിനാറു വയസായൊരു ബാലന് എന്തോ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് അവരിലൊരാള്‍ ബാലനെ കുത്തി പരിക്കേല്പിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ മെഡിക്കല്‍ സംഘം ഉടന്‍ സ്ഥലത്തെത്തുകയും ബാലനെ ഗുരുതരാവസ്ഥയില്‍ വെസ്റ്റ് മീഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച രാവിലെ കൗമാരക്കാരിലൊരാളെ പിടികൂടുന്നത്. രണ്ടാമനായി തിരച്ചില്‍ തുടരുകയായിരുന്നു. അതിനൊടുവിലാണ് ഇന്നലെ രണ്ടാമനെയും പിടികൂടാനായത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടു ആയുധമുപയോഗിച്ചു കുത്തുക തുടങ്ങി വ്യത്യസ്തമായ കുറ്റങ്ങളാണ് ഇരുവരിലും ചാര്‍ത്തിയിരിക്കുന്നത്. ആദ്യം അറസ്റ്റിലായ ആള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. രണ്ടാമനെ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരുന്നു.
കൗമാരക്കാരുടെ കത്തിക്കുത്ത്, കുത്തിയിട്ടോടിയ രണ്ടാമനും പോലീസ് പിടിയില്‍
