പടിഞ്ഞാറന്‍ സുഡാനില്‍ മണ്ണിടിച്ചില്‍, ഒരു ഗ്രാമം ഒന്നാകെ മണ്ണിനടിയിലായി

ഡാര്‍ഫുര്‍ (സുഡാന്‍): കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ സുഡാനിലെ ഡാര്‍ഫുര്‍ മേഖലയില്‍ ഒരു ഗ്രാമമൊന്നാകെ മണ്ണിടിച്ചിലില്‍ മൂടിപ്പോയതിനെ തുടര്‍ന്ന് ആയിരത്തോളം ആളുകള്‍ മരിച്ചതായി കണക്കാക്കുന്നു. തര്‍സീന്‍ എന്ന ഗ്രാമമാണ് ഒന്നാകെ മണ്ണിനടിയിലായത്. ഈ ഗ്രാമത്തില്‍ നിന്ന് ഒരേയൊരാള്‍ക്കാണ് ജീവന്‍ രക്ഷിക്കാനായത്.
പശ്ചിമ സുഡാനിലെ ഈ ഗ്രാമം നിലവില്‍ വിഘടനവാദികളായ സുഡാന്‍ ലിബറേഷന്‍ മൂവ്‌മെന്റിനോട് ആഭിമുഖ്യമുള്ള സായുധ സേനയുടെ നിയന്ത്രണത്തിലാണുള്ളത്. വര്‍ഷങ്ങളായി സുഡാന്റെ മലയോര മേഖലയായ ഡാര്‍ഫുര്‍ ഭരിക്കുന്ന സായുധ സേനയുടെ പ്രതിനിധികള്‍ പ്രകൃതിദുരന്തത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും സഹായവും അഭ്യര്‍ഥിച്ചു രംഗത്തെത്തിയിട്ടുണ്ട്. മണ്ണിനടയില്‍ നിന്നു മനുഷ്യ ശരീരങ്ങള്‍ പുറത്തെടുത്തു സംസ്‌കാരം നടത്താനാണ് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. എല്ലാവരും മരിച്ചു പോയതിനാല്‍ ഈ ഗ്രാമത്തില്‍ പുനരധിവാസത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. മികച്ച നാരങ്ങ ഉല്‍പാദന മേഖലകളിലൊന്നാണ് ഭൂമുഖത്തു നിന്നു തുടച്ചു നീക്കപ്പെട്ടിരിക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം അപകടപ്രദേശത്തേക്ക് കടന്നു ചെല്ലാന്‍ പോലുമാകാത്ത സ്ഥിതിയാണിപ്പോള്‍.