ബ്രിസ്‌ബേന്‍: എങ്ങും അലയടിക്കുന്ന ആനന്ദത്തോടെ റോബിന മലയാളി കമ്യൂണിറ്റി ഓണം ആഘോഷിച്ചു. കമ്യൂണിറ്റിയിലെ മുഴുവന്‍ അംഗങ്ങളും ഏറെ ആവേശത്തോടെയും ഐക്യത്തോടെയും എല്ലാ പരിപാടികളിലും പങ്കുചേര്‍ന്നു. ആഘോഷങ്ങള്‍ക്ക് പരമ്പരാഗത കലാപരിപാടികള്‍, കുട്ടികളുടെ സ്റ്റേജ് പ്രോഗ്രാമുകള്‍, സംഗീതം, നൃത്തം എന്നിവ കൊഴുപ്പേകി. പരമ്പരാഗത രീതിയിലുള്ള വടംവലി, ആവേശം നിറച്ച മഹാബലി വരവ് എന്നിവ ഓണാഘോഷത്തെ വേറിട്ടതാക്കി. പാരമ്പര്യ തനിമയോടെ വിളമ്പിയ ഓണസദ്യ ഏറെ ഗംഭീരമായിരുന്നു.

മാതാപിതാക്കളും കുട്ടികളും ഒത്തു ചേര്‍ന്ന് നിലവിളക്കു കൊളുത്തിയതോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. രണ്ടു തലമുറകളുടെ സംഗമം പരിപാടികളുടെ തുടക്കത്തിന് പ്രത്യേകത പകരുന്നതായി. ഗോള്‍ഡ് കോസ്റ്റില്‍ ഏറെ പ്രശസ്തി നേടിയ ഡിജെ നൈസ് ബാന്‍ഡ് ഗാനമേളയും സ്റ്റജ് പ്രസന്റേഷനുമായെത്തി. ഷെയറിങ് ആന്‍ഡ് കെയറിങ് എന്നതാണ് റോബിന മലയാളി കമ്യൂണിറ്റിയുടെ ആപ്തവാക്യം. പരസ്പരം പങ്കിടുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തില്‍ ഐക്യവും സ്‌നേഹവും സഹകരണവും വളര്‍ത്തുക എന്നതാണ് ഈ ആപ്തവാക്യത്തിലൂടെ കമ്യൂണിറ്റി ഉദ്ദേശിക്കുന്നത്. മറ്റെല്ലാ പരിപാടികളിലുമെന്ന പോലെ ഓണാഘോഷത്തിലും കമ്യൂണിറ്റിയുടെ ഈ പ്രഖ്യാപിത ലക്ഷ്യം തന്നെയായിരുന്നു മുന്നിട്ടു നിന്നിരുന്നത്.