ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കു വേണ്ടി ഓപ്പണിങ് നിരയില്‍ സഞ്ജു വരട്ടെയെന്ന് കൈഫ്

ന്യൂഡല്‍ഹി: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ മലയാളിയായ സഞ്ജു സാംസന്‍ പ്ലേയിങ് ഇലവനിലിറങ്ങുന്ന കാര്യം സംശയമായിരിക്കേ സഞ്ജുവിനു പിന്തുണയുമായി മുന്‍താരം മുഹമ്മദ് കൈഫ്. ഓപ്പണര്‍ എന്ന നിലയില്‍ കഴിവു തെളിയിച്ച സഞ്ജുവിനെ തിലക് വര്‍മയ്ക്കു പകരം ഓപ്പണിങ് നിരയില്‍ ഇറക്കണമെന്നാണ് കൈഫ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനു മുന്നില്‍ നിര്‍ദേശം വച്ചിരിക്കുന്നത്.
എഷ്യ കപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ആരൊക്കെയായിരിക്കണമെന്ന ചര്‍ച്ചകള്‍ കുറേ ദിവസങ്ങളിലായി ഇന്ത്യന്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ സജീവമായിരിക്കെയാണ് കൈഫിന്റെ പ്രതികരണമെത്തുന്നത്. ശുഭ്മാന്‍ ഗില്ലായിരിക്കും ഒരു ഓപ്പണറെന്ന കാര്യം തീര്‍ച്ചയാണ്. ഓപ്പണര്‍മാരാകാന്‍ മികവു തെളിയിച്ച രണ്ടു പേരാണ് പിന്നീടു ശേഷിക്കുന്നത്. തിലക് വര്‍മയും സഞ്ജു സാംസണും. ഇതില്‍ തിലക് ഇറങ്ങുകയാണെങ്കില്‍ ടീം അംഗമാണെങ്കില്‍ കൂടി സഞ്ജു ഒഴിവാക്കപ്പെടാനാണ് സാധ്യ എന്നാണ് പ്രവചിക്കപ്പെടുന്നത്. ഐസിസി ടി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരനാണെന്നതാണ് തിലകിനു ഗുണകരമായി മാറുമെന്നു കരുതപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കൈഫിന്റെ പിന്തുണ സഞ്ജുവിനു ഗുണകരമായി മാറിയേക്കാവുന്നത്.
സഞ്ജുവിനെയും ഗില്ലിനെയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ കളിപ്പിക്കണമെന്നും അതിനു സൗകര്യമൊരുക്കുന്ന വിധത്തില്‍ തിലക് വര്‍മയെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് കൈഫിന്റെ നിര്‍ദേശം. ഇങ്ങനെ വരികയാണെങ്കില്‍ സഞ്ജുവിനെ മൂന്നാം നമ്പരില്‍ കളിപ്പിക്കുന്നതിനു സാധിക്കും. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നുറപ്പാണ്. അതിനു ശേഷം മൂന്നാം നമ്പരില്‍ സഞ്ജു ഇറങ്ങുകയാണെങ്കില്‍ പരിചയ സമ്പത്തിന്റെ ഗുണം ഇന്ത്യയ്ക്കു ലഭിക്കുമെന്നാണ് കൈഫ് പറയുന്നത്. തിലക് വര്‍മ താരതമ്യേന ചെറുപ്പമായതിനാല്‍ ഇനിയും ധാരാളം അവസരങ്ങള്‍ മുന്നിലുണ്ടെന്നും കൈഫ് ചൂണ്ടിക്കാട്ടുന്നു.